വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഭക്ഷണപ്പൊതിയുമായി 'ഹൃദയപൂര്‍വം'
നീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഇനി രാത്രി കാലങ്ങളില്‍ ഭക്ഷണവുമായി ഡി.വൈ.എഫ് ഐ ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തകരുണ്ടാകും. 'ഹൃദയപൂര്‍വം' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെയാണ് ഡി.വൈ.എഫ്.ഐ രാത്രി കാലഭക്ഷണം നല്‍കുന്നത്. ബ്ലോക്കിനു കീഴിലുള്ള 16 മേഖലാ കമ്മിറ്റികളിലെ 190 യൂനിറ്റുകളില്‍ നിന്നു ഭക്ഷണ പൊതി ശേഖരിക്കും. വൈകീട്ട് ആറിനു വാഴയിലയില്‍ പൊതിഞ്ഞ ചോറ് വിതരണം ചെയ്യും.
താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റാകുന്ന മുഴുവന്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം ലഭിക്കും. നീലേശ്വരം നഗരസഭയും കിനാനൂര്‍-കരിന്തളം, മടിക്കൈ പഞ്ചായത്തുകളും അടങ്ങുന്നതാണ് നീലേശ്വരം ബ്ലോക്ക് . പദ്ധതിയുടെ ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ. എം വിനോദ് അധ്യക്ഷനായി. സ്വാതന്ത്ര്യ സമര സേനാനി കെ.ആര് കണ്ണന് മുഖ്യാതിഥിയായി. എം. രാജഗോപാലന്‍ എം.എല്‍.എ, സി.പി .എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്, സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ രവി, ഡോ. ജമാല്‍ അഹമ്മദ്, ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്, നഗരസഭ ചെയര്മാന് പ്രൊഫ.കെ.പി ജയരാജന്, ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, കെ. ബാലകൃഷ്ണന്, വി.കെ രാജന്, സി.ജെ സജിത്ത്, കെ. സബീഷ് , സി. സുരേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."