കുപ്പിവെള്ളത്തിന് ഇനി 12 രൂപ; വിലക്കുറവ് ഏപ്രില്‍ രണ്ടുമുതല്‍
കൊച്ചി: കുപ്പിവെള്ളത്തിന് വിലകുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനയായ കേരളാ ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന് തീരുമാനിച്ചു.
നിലവില്‍ 20 രൂപ (എം.ആര്.പി) വിലയുള്ള കുപ്പിവെള്ളത്തിന് ഇനി 12 രൂപ കൊടുത്താല്‍ മതി. ഏപ്രില്‍ രണ്ടുമുതല്‍ പുതിയ വിലയ്ക്ക് വെള്ളം നല്കിത്തുടങ്ങുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ 10 രൂപയായിരുന്ന ഒരുലിറ്റര്‍ കുപ്പിവെള്ളത്തിന് 12, 15, 17, 20 എന്നിങ്ങനെ വില വര്‍ധിപ്പിക്കുകയായിരുന്നു. ധാര്‍മികതയുടെ പേരിലും ജി.എസ്.ടി നിലവില്‍ വന്നശേഷം സര്‍ക്കാര്‍ അഭ്യര്‍ഥന മാനിച്ചുമാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് അസോസിയേഷന് പ്രസിഡന്റ് എം.ഇ മുഹമ്മദ് പറഞ്ഞു. വില കൂടുതലാണെങ്കില്‍ മാത്രമേ വെള്ളത്തിന് ഗുണമേന്മയുള്ളൂവെന്നത് തെറ്റായ ധാരണയാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ നിബന്ധനപ്രകാരം മാത്രമേ പാക്കേജ്ഡ് കുടിവെള്ളം നിര്‍മിച്ച് വില്പന നടത്താന്‍ കഴിയൂ.
ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് വിലകുറയ്ക്കാന്‍ തീരുമാനിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സോമന് പിള്ള, ഹിലാല്‍ മേത്തര്‍, സഞ്ജിത് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."