പാരമ്പര്യ ചികിത്സയില്‍ നാലുപതിറ്റാണ്ടിന്റെ ചരിത്രവുമായി ചന്തു വൈദ്യര്‍
കമ്പളക്കാട്: അതിവര്‍ഷം മുതല്‍ തുലാവര്‍ഷംവരെ വയനാട്ടിലെ നല്ലൊരു വിഭാഗം സാധാരണക്കാരും ജീവിതക്രമം കഴിച്ചുകൂട്ടുന്നത് ക്ഷീരമേഖലയെ ആശ്രയിച്ചാണ്. എന്നാല്‍ കന്നുകാലി പരിപാലനത്തിന് ഏറ്റവും ബുദ്ധിമുട്ടേറിയതാണ് ഇത്തരം ശീതകാലങ്ങള്‍. വേണ്ടുവോളം പുല്ലും വെള്ളവും കിട്ടുമെങ്കിലും വര്‍ഷകാലത്ത് വയനാട്ടില്‍ അനുഭവപ്പെടുന്ന കാഠിന്യമേറിയ ശൈത്യം താങ്ങാന്‍ കന്നുകാലികള്‍ക്കും അസാധ്യമാകുന്നു.
വാതം പോലുള്ള അസുഖങ്ങളില്‍ തുടങ്ങി ജീവന്‍ തന്നെ നഷ്ടമാകുന്ന തരത്തിലാണ് തണുപ്പുകാലത്ത് വയനാട്ടില്‍ കന്നുകാലികളുടെ അവസ്ഥ. ഇത് ക്ഷീരമേഖലയെ ആശ്രയിച്ച് കുടുംബം പോറ്റുന്ന കര്‍ഷകര്‍ക്ക് താങ്ങാവുന്നതല്ല.
ഇത്തരം സാഹചര്യങ്ങളിലാണ് ചന്തുവൈദ്യരെ പോലുള്ളവരെ ആളുകള്‍ ദൈവദൂതരായി കാണുന്നത്. തണുപ്പുകാലങ്ങളിലാണ് വൈദ്യര്‍ക്ക് ഏറ്റവും തിരക്ക്. ദിവസേന അതിരാവിലെ തന്നെ ചന്തു വൈദ്യരുടെ വീട്ടുമുറ്റത്ത് വാഹനവുമായി ആളുകള്‍ എത്തിച്ചേരും. തുടര്‍ന്ന് രാവിലെ 11ന് മുന്‍പായി പരമാവധി സ്ഥലങ്ങളിലെത്തി പശുക്കളെ ചികിത്സിക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചുമണിക്ക് ശേഷവും ചികിത്സ തുടരും.
40 വര്‍ഷത്തിലധികമായി കന്നുകാലി ചികിത്സാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കമ്പളക്കാട് ചെറുവടി പാറക്കല്‍ വീട്ടില്‍ ചന്തു. പ്രായം 72 ആയെങ്കിലും പശു പരിചരണവും ചികിത്സയും ഇന്നും ചന്തുവിന് ജീവിതചര്യയാണ്. ഏതു പാതിരാത്രിയിലും സഹായത്തിനായി ഉമ്മറത്ത് ആരെത്തിയാലും നിരാശരായി മടങ്ങേണ്ടി വരാറില്ല.
പശുക്കള്‍ക്ക് പിടിപെടുന്ന ആന്ത്രാക്‌സ്, താടി വീക്കം, വാതം, കിടന്നുപോക്ക്, കൈപൊട്ടല്‍, അകിടു വീക്കം, വയറിളക്കം തുടങ്ങി രോഗ ചികിത്സക്കായി പച്ചമരുന്നും തനതായ നാട്ടുവൈദ്യവും രണ്ട് തലമുറയായി ചെയ്തുവരുന്ന ചന്തു വൈദ്യര്‍ മൂക്കുകുത്താനും മണി കെട്ടാനും കേമനാണ്.
ഉളുക്കും ചതവുമായി വരുന്ന മനുഷ്യരെയും ചന്തു നിരാശരാക്കാറില്ല. വെറ്ററിനറി ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞ പശുക്കളെയാണ് അധികവും ചികിത്സിക്കാറ്. തന്റെ സഹായം ചോദിച്ചെത്തുന്നവരില്‍ 60 ശതമാനവും ഡോക്ടര്‍മാര്‍പോലും കയ്യൊഴിഞ്ഞശേഷം വരുന്നവരാണെന്ന് ചന്തു വൈദ്യര്‍ തന്നെ പറയുന്നു.
നട്ടെല്ലിന് ക്ഷതമേറ്റതും വാതം മൂലം തളര്‍ന്നുപോയതുമായ പശുക്കളെ സുഖപ്പെടുത്താന്‍ കഴിയില്ലെന്ന് മനസ്സിലാവുന്നതോടെ മൃഗഡോക്ടര്‍മാര്‍ തന്റെ പേര് നിര്‍ദേശിക്കാറുണ്ടെന്നും വൈദ്യര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."