മലേശമംഗലത്ത് വീണ്ടും കാട്ടാനകള്‍
ചേലക്കര: തൃശൂര്‍ പാലക്കാട് അതിര്‍ത്തിയായ തൃശൂര്‍ തിരുവില്വാമല മലേശമംഗലത്തു ഒരു മാസത്തെ ഇടവേളക്കു ശേഷം ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനകളെ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ 5.30 ഓടെയാണു നാട്ടുകാര്‍ ആനകളെ കണ്ടത്.
പാമ്പാടിയില്‍ ചായക്കട നടത്തുന്ന കൊല്ലാക്കില് കുന്നത്ത് രാധാകൃഷ്നും ഭാര്യ ഹേമലതയും കട തുറക്കാനെത്തിയപ്പോള്‍ ആനകള്‍ കടയുടെ സമീപത്ത് നിലയുറപ്പിച്ചിരിക്കുകയായിരുന്നുവെന്നു ദമ്പതികള്‍ പറയുന്നു.
ബഹളം വെച്ചപ്പോള്‍ സമീപത്തെ പറമ്പിന്റെ ചുറ്റുമതിലും ഗെയ്റ്റും കമ്പിവേലിയും തകര്‍ത്തു കാട്ടിലേയ്ക്കു ഓടി മറയുകയായിരുന്നുവത്രെ. തുടര്‍ന്നു നാട്ടുകാരുടെയും വനപാലകരുടേയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ആന കാല്പാദത്തിന്റെ അടയാളങ്ങളും പിണ്ഡവുമൊക്കെ കണ്ടെത്തി. ഡി.എഫ്.ഒ സുഭാഷ്, സുയോഗ് പാട്ടീലിന്റെ നേതൃത്വത്തില്‍ വനപാലകരുടെ വന്‍ സംഘവും പൊലിസും അട്ടപ്പാടിയില്‍ നിന്നെത്തിയ വിദഗ്ധരും നാട്ടുകാരും ആനകളെ തുരത്തി കാട്ടിലേക്കു കയറ്റി വിടാന്‍ പ്രദേശത്ത് എത്തി.
കഴിഞ്ഞ മാസവും ഈ മേഖലയില്‍ രണ്ടു ആനകളെ കണ്ടെത്തിയിരുന്നു. അന്നു മുണ്ടൂര്‍ വനത്തിലേക്കു കയറ്റി വിട്ട ആനകളാണു വീണ്ടും ജനവാസ മേഖലയിലേക്കു തിരിച്ചെത്തിയതെന്നാണ് നിഗമനം.
എട്ടു മാസം മുമ്പും ഈ പ്രദേശത്ത് ആനകളെ കണ്ടെത്തിയിരുന്നു. അന്നു മൂന്നു കൊമ്പന്‍മാരാണു സംഘത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ച്ചയായി കാട്ടാനകളുടെ സാന്നിധ്യം ജനവാസ മേഖലയില്‍ ഉണ്ടാകുന്നതു വലിയ പരിഭ്രാന്തിക്കു വഴിവെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."