ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിന് ശ്രമിക്കും: യെച്ചൂരി
തിരുവനന്തപുരം: ജനാധിപത്യത്തിനെതിരായ ആക്രമണം വര്‍ധിക്കുന്ന ഈ കാലഘട്ടത്തില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിനായി തെരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കുമെന്ന് സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് 'വര്‍ഗീയ ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും വര്‍ത്തമാനകാല ഇന്ത്യയും' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് പ്രഥമലക്ഷ്യം. അതിനായി ഇടതുപക്ഷ ജനാധിപത്യ മതേതരത്വ ശക്തികളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസിനെ പോലുള്ള പാര്‍ട്ടികളും ബി.ജെ.പി ഭരണത്തില്‍ തിരിച്ചടിയേല്‍ക്കുന്ന വിഭാഗങ്ങളുമെല്ലാം അടങ്ങുന്നതാകണം ഈ സംവിധാനം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് അധികാരം ഉപയോഗിച്ച് ബി.ജെ.പി ശ്രമിക്കുന്നത്. ജനാധിപത്യത്തെയും ചരിത്രത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ത്ത് തങ്ങളുടെ അജണ്ട നടപ്പാക്കുന്നു.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് നേതാക്കളെയല്ല, അവര്‍ക്ക് ആശ്വാസം നല്‍കുന്ന നയങ്ങളാണ്. അത്തരത്തിലുള്ള നയങ്ങള്‍ക്കാകും സി.പി.എം, സി.പി.ഐ പാര്‍ട്ടികോണ്‍ഗ്രസുകള്‍ രൂപം നല്‍കുകയെന്നും യെച്ചൂരി പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്ന കാലഘട്ടമാണിതെന്ന് സി.പി.ഐ ദേശീയ നേതാവ് ഡി. രാജ പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനുള്ള അടിസ്ഥാന തന്ത്രമാണ് ആവിഷ്‌കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അന്ധമായ കോണ്‍ഗ്രസ് വിരോധത്തിനോ, അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിനോ പ്രസക്തിയില്ലാത്ത കാലഘട്ടമാണ് ഇതെന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി സെമിനാറില്‍ പങ്കെടുത്ത കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുമെന്ന് അന്നത്തെ സി.പി.എം ജന. സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് പ്രഖ്യാപിച്ചിട്ടും കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സീറ്റ് നേടാന്‍ ഇടതുപക്ഷത്തിനായി. അഖിലേന്ത്യാ തലത്തില്‍ മതേതര ജനാധിപത്യ കക്ഷികള്‍ ഒന്നിക്കുകയും കേരളത്തില്‍ പ്രാദേശിക അടവുനയത്തിന്റെ അടിസ്ഥാനത്തിലുമാണ് മുന്നോട്ടുപോകേണ്ടതെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."