അനാഥജീവിതത്തിനൊടുവില് ജയകൃഷ്ണന് ഗാന്ധിഭവനില്‍ അഭയം
പാലക്കാട്: ജീവിതത്തിന്റ ഭൂരിഭാഗവും രാഷ്ട്രീയ സാമൂഹ്യപ്രവര്ത്തനങ്ങള്ക്കായി ചിലവഴിച്ച് ഒടുവില്‍ അനാഥത്വം മാത്രം കൈമുതലാക്കി ദുരിത ജീവിതം നയിച്ചിരുന്ന വൃദ്ധന് പത്തനാപുരം ഗാന്ധിഭവന് അഭയമായി. പാലക്കാട് വടക്കുംഞ്ചേരി അഞ്ചുമൂര്‍ത്തീമംഗലത്ത് ജയകൃഷ്ണന് (60)നാണ് ഗാന്ധിഭവന് അഭയമേകിയത്. മുപ്പതു വര്‍ഷത്തിലധികം രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം സഖാവ് ജെ.കെ എന്നാണ് അറിയപ്പെട്ടിരുന്നത്.
പഠനത്തിനു ശേഷം രാഷ്ട്രീയ പൊതുപ്രവര്ത്തനങ്ങളില് സജീവമായിരുന്ന ജയകൃഷ്ണന് അവിവാഹിതനാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി, കെ.എസ്.കെ.ടി.യു പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മാതാപിതാക്കളുടെ മരണ ശേഷം കോയമ്പത്തൂരില്‍ ജോലി തേടിപ്പോയ ജയകൃഷ്ണന് അവിടുത്തെ ഒരു ബേക്കറിയില്‍ കാഷ്യറായി ജോലിചെയ്യുകയായിരുന്നു. എന്നാല്‍ പത്തു വര്‍ഷം മുന്‍പുണ്ടായ ഒരപകടത്തില്‍ ഇദ്ദേഹത്തിന് നട്ടെല്ലിന് പരുക്കേറ്റതോടെ ജോലിക്കു പോകാന്‍ കഴിയാതായി. നാട്ടില്‍ തിരിച്ചെത്തിയ ജയകൃഷ്ണന് കടം വീട്ടാനായി ആകെയുണ്ടായിരുന്ന സ്ഥലവും വീടും വിറ്റു. പിന്നീട് കടത്തിണ്ണകളിലും റയില്വേസ്റ്റേഷനിലുമാണ് അന്തിയുറങ്ങിയിരുന്നത്.
നിരവധി പേര്‍ക്ക് പെന്‍ഷനും വീടും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വാങ്ങി നല്കാന് പ്രയത്നിച്ച ജയകൃഷ്ണന് സ്വന്തമായി റേഷന്‍ കാര്‍ഡു പോലും ഇല്ല. നട്ടെല്ലിന് സംഭവിച്ച ക്ഷതവും വാര്‍ധക്യ സഹജമായ അവശതകളും മൂലം ജയകൃഷ്ണന്റെ ജീവിതം ദുരിതപൂര്‍ണമായി. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ തന്നെ അഭയത്തിനായി മുട്ടിയ അനാഥാലയങ്ങളുടെ വാതിലുകളൊന്നും അദ്ദേഹത്തിന് മുന്പില് തുറന്നില്ല. ജയകൃഷ്ണന്റെ ദുരിതം ജീവിതം വാര്‍ത്തയായതോടെയാണ് ഗാന്ധിഭവന് ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."