പള്ളിയില്‍ പൊലിസ് അതിക്രമം
ഗുരുവായൂര്‍: കാവീട് സെന്റ് ജോസഫ് പള്ളിയിലെ വൈദികമന്ദിരത്തില്‍ ബുധനാഴ്ച രാത്രി പൊലിസ് നടത്തിയ അതിക്രമത്തില്‍ ട്രസ്റ്റിയടക്കം നാലുപേര്‍ക്ക് മര്‍ദനമേറ്റു. പള്ളി ട്രസ്റ്റി ജോബി വടക്കന്‍ (40), ചൊവ്വല്ലൂര്‍ വര്‍ഗീസ് മകന്‍ അഭിജിത്ത് (23), മേലിട്ട് ജോസഫ് (46), വര്‍ഗീസ് പുലിക്കോട്ടില്‍ (22) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ബുധനാഴ്ച പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹസല്‍ക്കാരത്തിലുള്ളവര്‍ കേറ്ററിങ് നടത്തിയവരുമായി ഉണ്ടായ അടിപിടി തീര്‍ക്കാനെത്തിയ പൊലിസ് വൈദികമന്ദിരത്തില്‍ അതിക്രമിച്ചുകയറിയാണ് മര്‍ദനം അഴിച്ചുവിട്ടത്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. ഗുരുവായൂര്‍ എസ്.ഐയുടെ നേതൃത്വത്തിലാണ് അക്രമമുണ്ടായതെന്ന് പള്ളിവൃത്തങ്ങള്‍ പറഞ്ഞു.
പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ വിരുന്നിനെത്തിയവരും കാറ്ററിങ് സ്ഥാപനത്തിലെ പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കുതര്‍ക്കം അടിപിടിയിലെത്തി.
വിവരം പൊലിസിലറിയിച്ചതിനെ തുടര്‍ന്ന് പള്ളിയിലെത്തിയ പൊലിസ് സംഘം കാരണം തിരക്കാതെ പള്ളിമേടയിലെത്തി ആക്രമണം നടത്തുകയായിരുന്നു. വികാരി ഫാ. സിറിയക് ചാലിശ്ശേരി തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ തള്ളിമാറ്റി മുറിയിലുണ്ടായിരുന്നവരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. അഭിജിത്തിന് ദേഹമാസകലം മുറിവുണ്ട്. ട്രസ്റ്റി ജോബിക്ക് വയറിനും വാരിയെല്ലിനുമാണ് പരുക്ക്.
സംഭവമറിഞ്ഞ് ഇന്നലെ രാവിലെ വിശ്വാസികള്‍ പള്ളിക്കുമുന്നില്‍ തടിച്ചുകൂടി. വിരുന്നിനെത്തിയവരും കാറ്ററിങ് പ്രവര്‍ത്തകരും തമ്മിലുണ്ടായ അടിപിടിയില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."