മകളെ കുത്തിക്കൊന്ന സംഭവം; പിതാവ് റിമാന്‍ഡില്‍
പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു
അരീക്കോട്: വിവാഹത്തലേന്ന് അച്ഛന് മകളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെയും അരീക്കോട് എസ്.ഐ കെ. സിനോദിന്റെയും നേതൃത്വത്തില്‍ കൊലപാതകം നടന്ന ആതിരയുടെ അയല്‍ വീട്ടിലേക്കു രാജനെ തെളിവെടുപ്പിനെത്തിച്ചത്.
ശാന്തനായായിരുന്നു രാജന്റെ പെരുമാറ്റം. പൊലിസിന്റെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി നല്കി. തുടര്‍ന്നു തറവാട്ടു വളപ്പില്‍ ആതിരയുടെ മൃതദേഹം സംസ്കരിച്ച സ്ഥലത്തെത്തിയപ്പോള്‍ പൊട്ടികരഞ്ഞു. അര മണിക്കൂറോളം തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ അരീക്കോട് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
മഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏപ്രില്‍ ഏഴുവരെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ വീട്ടില്‍ രാജന് മകള്‍ ആതിര (22)യെ കുത്തിക്കൊലപ്പെടുത്തിയത്. താഴ്ന്ന ജാതിക്കാരുമായി വിവാഹത്തിനു സമ്മതിക്കില്ലെന്നു പറഞ്ഞായിരുന്നു കൊലപാതകം.
കൊലപാതക കാരണം അപമാനം
അരീക്കോട്: മകള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കുന്നതുമൂലം കുടുംബത്തിനുണ്ടാകുന്ന അപമാനം ഭയന്നാണ് കൊലപാതകം നടത്തിയതെന്ന് അച്ഛന് രാജന്റെ മൊഴി. പ്രണയത്തില്‍നിന്ന് ഒഴിഞ്ഞുമാറണമെന്നു പലവട്ടം ആവശ്യപ്പെട്ടിരുന്നു. മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണ് വിവാഹത്തിനു സമ്മതിച്ചതെന്നും പ്രതി മൊഴിനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."