സഊദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിയ കസ്റ്റമര്‍ കെയര്‍ മലയാളികള്‍ക്ക് അനുഗ്രഹമാകുന്നു
ജിദ്ദ: വിദേശി തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനുമായി സഊദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിയ കസ്റ്റമര്‍ കെയര്‍ മലയാളികള്‍ക്ക് അനുഗ്രഹമാകുന്നു. ദിവസം നൂറിലധികം മലയാളികളാണ് വിവിധ പ്രശ്‌നങ്ങളുന്നയിച്ച് മലയാളം കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുന്നത്.
നാലു വര്‍ഷം മുമ്പാണ് 19911 എന്ന ടോള്‍ ഫ്രീ നമ്പറില്‍ മലയാളമടക്കമുള്ള ഒന്‍പതു വിദേശ ഭാഷകളുടെ സേവനം തൊഴില്‍ മന്ത്രാലയം ആരംഭിച്ചത്. ടോള്‍ ഫ്രീ നമ്പര്‍ ഡയല്‍ ചെയ്താല്‍ അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, തഗലൊഗ്, ഇന്തോനേഷ്യന്‍, മലയാളം, എത്യോപ്യന്‍, ബംഗാളി എന്നീ ഭാഷകള്‍ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും.
മലയാളം ലഭിക്കാന്‍ ഏഴ് ആണ് അമര്‍ത്തേണ്ടത്. ഏഴ് അമര്‍ത്തുമ്പോള്‍ സേവനങ്ങള്‍ക്കും പ്രോഗ്രാമുകള്‍ക്കും ഒന്ന് അമര്‍ത്താനും പരാതികള്‍ക്ക് രണ്ട് അമര്‍ത്താനും ഇംഗ്ലീഷില്‍ നിര്‍ദേശം ലഭിക്കും. ആവശ്യത്തിനനുസരിച്ചുള്ള നമ്പര്‍ അമര്‍ത്തിയാല്‍ ഇഖാമ നമ്പര്‍ ടൈപ് ചെയ്യാന്‍ ആവശ്യപ്പെടും.
ഇഖാമ നമ്പര്‍ നല്‍കി അല്‍പ സമയം കഴിയുമ്പോള്‍ മലയാളിയായ കസ്റ്റമര്‍ സര്‍വീസ് അസിസ്റ്റന്റ് സഹായിക്കാനെത്തും. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ കസ്റ്റമര്‍ കെയര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മലയാളികള്‍ പ്രധാനമായും തൊഴില്‍ പ്രശ്‌നങ്ങളെ സംബന്ധിച്ച് അറിയാനാണ് കസ്റ്റമര്‍ കെയറിനെ സമീപിക്കുന്നത്. വീട്ടുവേലക്കാരികള്‍, ഹൗസ് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ഇഖാമ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വിളിച്ച് പരിഹാര മാര്‍ഗങ്ങള്‍ ആരായാറുണ്ടെന്നും കസ്റ്റമര്‍ കെയര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."