വിദ്യഭ്യാസ മന്ത്രി വിദ്യാര്‍ഥി സമൂഹത്തെ വെല്ലുവിളിക്കുന്നു: കെ.എസ്.യു
തിരുവനന്തപുരം: വിദ്യാര്‍ഥി സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടാണ് വിദ്യഭ്യാസ മന്ത്രി മുന്നോട്ടുപോകുന്നതെന്ന് കെ.എസ്.യു. വിദ്യഭ്യാസ വകുപ്പ് നോക്കുകുത്തിയായതായും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്ലസ് ടു ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഇതുവരെയും ഒരു നടപടിക്കു പോലും വിദ്യഭ്യാസ മന്ത്രി ഉത്തരവിട്ടിട്ടില്ല. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനു വ്യക്തമായ വിശദീകരണം നല്‍കാന്‍ മന്ത്രിക്കാവുന്നില്ലെന്നും ആരോപിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന എസ്.എസ്.എല്‍.സി കണക്കു പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിലെ വിജിലന്‍സ് അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വിദ്യഭ്യാസ മേഖലയിലെ അരക്ഷിതാവസ്ഥയ്‌ക്കെതിരേ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് 11 മണിക്ക് നിയമസഭയിലേക്ക് മാര്‍ച്ചു നടത്തും.
തൃശൂരിലെ വിദ്യഭ്യാസ മന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് മര്‍ദിച്ചത് പ്രതിഷേധാര്‍ഹമാണ്. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന സ്‌കോളര്‍ഷിപ്പില്‍ രണ്ടു വര്‍ഷമായി അനര്‍ഹരായ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി കോടികള്‍ തട്ടുന്നവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."