സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമയില്ല: സഊദിയില്‍ നിരവധി നഴ്‌സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍
റിയാദ്: നഴ്‌സിങ് മേഖലയിലുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമയെന്നു രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് നിരവധി നഴ്‌സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കൂവെന്നാണ് വിവരം. ഇതില്ലാത്ത നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഇതിനു പരിഹാരം കാണാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് സഊദിയിലെ ഒരു വിഭാഗം നഴ്‌സുമാര്‍.
ജനറല്‍ നഴ്‌സിങ് ആന്‍ഡ് മൈഫ് വൈഫറി കോഴ്‌സ് പാസായ ശേഷം ജോലി ചെയ്യുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്തണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. 2005 നു മുന്‍പ് ഈ കോഴ്‌സ് പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതാണ് നഴ്‌സുമാരെ ആശങ്കയിലാഴ്ത്തുന്നത്. ഇന്ത്യയിലെ അതാത് സംസ്ഥാന നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സിലില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് റിക്രൂട്ടിങ് സമയത്ത് ഉപയോഗിക്കുന്നത്.
അതിനുസരിച്ച് ലഭിച്ചിരുന്ന ലൈസന്‍സിലാണ് ഇത്രയും കാലം വരെയും നഴ്‌സുമാര്‍ ഇവിടെ ജോലി ചെയ്തത്. വിഷയത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ടു ജിദ്ദ നവോദയ സാംസ്‌കാരിക വേദി കേരള നഴ്‌സിങ് അസോസിയേഷന്‍, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിന് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."