നോക്കുകുത്തികളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍
തിരുവനന്തപുരം: വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മുറതെറ്റാതെ പുതുക്കിക്കൊണ്ടിരിക്കുന്നവരെ നിരാശപ്പെടുത്തി അധികൃതര്‍. നിയമന ശുപാര്‍ശകളോ അതിനനുസൃതമായ നിയമനങ്ങളോ വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടക്കുന്നില്ല.
അവസാനമായി 2017 ജൂണിലാണ് സര്‍വശിക്ഷ അഭിയാനു വേണ്ടി എല്ലാ ജില്ലകളിലും സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കായി നിയമന ശുപാര്‍ശ നടന്നത്.
എന്നാല്‍ റാങ്ക് ലിസ്റ്റില്‍ അപാകതകള്‍ കുന്നുകൂടിയതിനാല്‍ ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ നിയമനം കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥികളുടെ സീനിയോരിറ്റി എക്‌സ്‌ചേഞ്ച് രജിസ്റ്ററില്‍ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ശുപാര്‍ശ ചെയ്യുന്നതിനാല്‍ യാതൊരു ഗുണവും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ല. കൂടാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള ശുപാര്‍ശയില്‍മേല്‍ മാത്രം നിയമിക്കപ്പെടുന്ന ലാസ്റ്റ് ഗ്രേഡ് കണ്ടിന്‍ജന്റ് സര്‍വിസിലേക്ക് ശുചീകരണത്തൊഴിലാളികള്‍ ഉള്‍പ്പെട്ടവരെ ശുപാര്‍ശ ചെയ്യുന്നില്ല.
വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, ഓഫിസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാമുള്ള ശുചീകരണ വിഭാഗങ്ങളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ശുപാര്‍ശ പ്രകാരം ആദ്യം പാര്‍ട്ട് ടൈമായും പിന്നീട് സ്ഥിരപ്പെടുത്തിയും നിയമനം നല്‍കിയാണ് വന്നത്. പരാതിയില്ലാത്ത വിധം എല്ലാവിധ സംവരണതത്വങ്ങളും പാലിച്ചുകൊണ്ടായിരുന്നു നിയമനം. എന്നാല്‍ ഇപ്പോള്‍ ഇവിടങ്ങളിലെല്ലാം അതത് സ്ഥാപനങ്ങള്‍ നേരിട്ട് ഇന്റര്‍വ്യൂ വിളിക്കുകയും താല്‍ക്കാലികമായി നിയമനം നടത്തുകയും ചെയ്യുന്നു. ഇതില്‍ പലരും പല കുറുക്കുവഴികളിലൂടെയാണ് എത്തുന്നത്.
എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ രജിസ്‌ട്രേഷന്‍ പ്രഹസനമാകുന്ന ഇത്തരം സംഭവങ്ങള്‍ നിരവധി തവണ തൊഴില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. കുറ്റമറ്റവിധത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നിയമന ശുപാര്‍ശ നല്‍കുന്ന നടപടി പുനരാരംഭിക്കുകയാണെങ്കില്‍ നിരവധിപേര്‍ക്ക് ഗുണം ലഭിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."