കുപ്രസിദ്ധ മോഷ്ടാവ് മരിയ അര്‍പുതം ജോണ്സന് പിടിയില്‍
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ഇരുന്നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ കുളച്ചല്‍ സ്വദേശി മരിയ അര്‍പുതം ജോണ്സന് പൊലിസ് പിടിയിലായി. കലൂരില്‍ നിരവധി വീടുകളില്‍ ഇയാള്‍ മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് പ്രത്യേകസംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ഡിസംബറില്‍ കുളച്ചലില്‍നിന്ന് ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് വീട് വളയുന്നതിനു മിനുട്ടുകള്‍ക്കു മുന്‍പ് ജോണ്സന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലിസ് ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ കൊച്ചി പുല്ലേപ്പടിയിലും എരൂരും നടന്ന കവര്‍ച്ച പൊലിസിന്റെ ശ്രദ്ധ തിരിച്ചത് ഇയാള്‍ക്ക് കൂടുതല്‍ സഹായകമായി.
പൊലിസ് പട്രോളിങ് കുറയുന്ന സമയം നോക്കി സ്ഥലത്തെത്തി ആളൊഴിഞ്ഞ വീടുകളുടെ മുകളില്‍ കിടന്നുറങ്ങി അര്‍ധരാത്രി മോഷണം നടത്തി പുലര്‍ച്ചെ ട്രെയിനില്‍ കയറി പോകുന്ന രീതിയായിരുന്നു. ഇത് മനസിലാക്കിയ പൊലിസ് വൈകിട്ട് മുതല്‍ കലൂര്‍, ലിസീ ഭാഗങ്ങളില്‍ നിരീക്ഷിച്ചുവരവേ വാതില്‍ പൊളിക്കുന്നതിനുള്ള ആയുധങ്ങളുമായി റെയില്‍വേ ട്രാക്കിനു സമീപം പതുങ്ങിയ ജോണ്‍സനെ കാണുകയും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടിക്കുകയുമായിരുന്നു.
അസി. കമ്മിഷണര്‍ കെ. ലാല്‍ജി, നോര്‍ത്ത് സി.ഐ. കെ.ജെ പീറ്റര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം നോര്‍ത്ത് എസ്.ഐ വിബിന്‍ദാസ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എ.എസ്.ഐമാരായ ബോസ്, മോഹനന്, സി.പി.ഒ സുധീര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
ഇയാളെ കൂടുതല്‍ തെളിവെടുപ്പിനായും വില്പന നടത്തിയ മോഷണമുതലുകള്‍ കണ്ടെടുക്കുന്നതിനായും കസ്റ്റഡിയില്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."