പട്ടുനൂലില്‍ നെയ്‌തെടുത്ത ജീവിത വിജയവുമായി ഉണ്ണികൃഷ്ണന്‍
അമ്പലവയല്‍: ഒരുപതിറ്റാണ്ടു മുന്‍പുവരെ വയനാട്ടില്‍ പട്ടുനൂല്‍ക്കൃഷി ചെയ്യുന്നവര്‍ ഏറെയുണ്ടായിരുന്നു. രോഗങ്ങള്‍ പിടിപെട്ട് പട്ടുനൂല്‍ക്കൃഷി ആദായകരമല്ലാതായതോടെ കര്‍ഷകര്‍ കൃഷിയുപേക്ഷിച്ചു. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പട്ടുനൂല്‍പ്പുഴുക്കളുടെ നെയ്ത്തുകാലം തിരികെയെത്തുകയാണ്. പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തി മാസം ഒരുലക്ഷം രൂപവരെ വരുമാനമുണ്ടാക്കുന്ന കര്‍ഷകര്‍ ഇന്ന് ജില്ലയിലുണ്ട്. അവരില്‍ ഒരാളാണ് അമ്പലവയല്‍ ആനപ്പാറ പോക്കാറമ്പത്ത് ഉണ്ണിക്കൃഷ്ണന്‍. ഇലക്ട്രിക്കല്‍ ജോലികളില്‍ ബി ക്ലാസ് കോണ്‍ട്രാക്ടറായ ഇദ്ദേഹം വയറിങ് ജോലികള്‍ക്കൊപ്പം പട്ടുനൂല്‍പ്പുഴു കൃഷിയും മുന്നോട്ടു കൊണ്ടുപോകുന്നു.
പുഴുക്കള്‍ക്കാവശ്യമായ മള്‍ബറി ചെടികള്‍ ഷെഡിനോട് ചേര്‍ന്ന സ്ഥലത്ത് നാലേക്കറില്‍ ഇവര്‍തന്നെ പരിപാലിക്കുന്നുണ്ട്. രണ്ടായിരം ചതുരശ്രയടിയുളള ഷെഡ്ഡില്‍ നിന്ന് മാസം ഒന്നരലക്ഷം രൂപവരെ നേടാനാകുമെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. മൈസൂരുവിലെ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡും സെറികള്‍ച്ചര്‍ അധികൃതരുമാണ് വേണ്ട പരിശീലനവും സഹായവും നല്‍കുന്നത്. ആനപ്പാറ, അത്തിച്ചാല്‍ എന്നിവിടങ്ങളിലായി 3000 ചതുരശ്രയടിയിലാണ് ഉണ്ണിക്കൃഷ്ണന്‍ കൃഷിചെയ്യുന്നത്.പട്ടുനൂല്‍ കൃഷ31 ദിവങ്ങള്‍കൊണ്ടാണ് ഒരു ബാച്ച് പൂര്‍ത്തിയാവുക. പട്ടുനൂല്‍ പുഴുവിന്റെ മുട്ടകള്‍ മൈസൂരു സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ നിന്നാണ് കൊണ്ടുവരുന്നത്. ആവശ്യപ്രകാരം ഓര്‍ഡര്‍ ചെയ്ത് മുട്ടകള്‍ കോട്ടന്‍ സഞ്ചികളിലാക്കി വയനാട്ടിലെത്തിക്കും.
കൊണ്ടുവന്നയുടനെ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്‍കുബേറ്ററില്‍ സൂക്ഷിക്കും. കറുത്ത തുണികൊണ്ട് മുകള്‍വശം മൂടും. 48 മണിക്കൂറിനുശേഷം മുട്ടകള്‍ വിരിയുന്നതോടെ ഇവയെ പ്ലാസ്റ്റിക് ട്രേകളിലേക്ക് മാറ്റും. കുമ്മായവും ജൈവ കീടനാശിനിയും ഉപയോഗിച്ച് ബെഡുകള്‍ തയാറാക്കും. ആദ്യ രണ്ടു സ്റ്റേജുകളില്‍ മള്‍ബറിയുടെ കൂമ്പിന് താഴെയുളള രണ്ടിലകള്‍ അടര്‍ത്തിയെടുത്ത് അരിഞ്ഞ് ഭക്ഷണമായി നല്‍കും.
രണ്ട് സ്റ്റേജുകള്‍ എട്ടുദിവസം കൊണ്ട് പൂര്‍ത്തിയാകും. ഇതിനുശേഷമാണ് ഇവയെ ഷെഡിലെ റാക്കുകളിലേക്ക് മാറ്റുക. നാലു തട്ടുകളായി നിര്‍മിച്ചിരിക്കുന്ന ബെഡുകളുടെ അടിവശം നൈലോണ്‍ നൂലുകൊണ്ട് നെയ്തതായിരിക്കും. മൂന്നാം സ്‌റ്റേജില്‍ ഭക്ഷണമായി മള്‍ബറി ചപ്പ് തലപ്പ് മുറിച്ച് നല്‍കും.
നാലാംസ്റ്റേജ് നാലുദിവസം കൊണ്ട് പൂര്‍ത്തിയാകും. അപ്പോഴേക്ക് പുഴുക്കള്‍ പൂര്‍ണവളര്‍ച്ചയില്‍ എത്തും. 27 ദിവസങ്ങള്‍ക്ക് ശേഷം നൂല്‍നൂല്‍ക്കല്‍ ആരംഭിക്കും. പ്ലാസ്റ്റിക്കില്‍ തീര്‍ത്ത നെട്രികയിലാണ് പട്ടുനൂല്‍ പുഴുക്കള്‍ നൂല്‍ നൂല്‍ക്കുക. നെട്രികക്ക് ചുറ്റും പുഴുക്കള്‍ വന്നുകൂടി സ്പിന്നിങ് തുടങ്ങും. നാലുദിവസംകൊണ്ട് ഇത് പൂര്‍ത്തിയാകും.
31ാം ദിവസം കൊക്കൂണുകള്‍ ശേഖരിച്ച് കര്‍ണാടകയിലെ രാമനഗരയില്‍ വില്‍പ്പനക്കായി കൊണ്ടുപോകും. അവിടെ ഓണ്‍ലൈന്‍ വിപണിയിലാണ് വില്‍പ്പന നടത്തുക. പട്ടുനൂല്‍ കിലോയ്ക്ക് 600 മുതല്‍ 630 രൂപവരെയാണ് ഇപ്പോള്‍ കിട്ടുന്നത്.
തീറ്റക്കൊപ്പം ആധായവുമായി മള്‍ബറി
പുഴുവിന്റെ തീറ്റക്കാവശ്യമായ മള്‍ബറി ഷെഡിനോട് ചേര്‍ന്ന കൃഷിയടത്തിലാണ് പരിപാലിക്കുന്നത്. രണ്ടിടത്തായി നാലേക്കറോളം സ്ഥലത്താണ് മള്‍ബറി കൃഷിയുളളത്. വര്‍ഷത്തില്‍ നാലുതവണ മള്‍ബറി കൃഷിയില്‍ ആദായമെടുക്കാനാകും.
കുടുംബം തന്നെ ശക്തി
ഭാര്യ സബിതയും മക്കളായ ആര്യനന്ദയും സഞ്്ജയും ഉണ്ണിക്കൃഷ്ണന് സഹായവുമായി ഒപ്പമുണ്ട്. പുഴുക്കള്‍ക്ക് തീറ്റകൊടുക്കാനും നിത്യവും പരിപാലിക്കാനും മൂന്നുപേരും സമയം കണ്ടെത്തും. ഇലക്ട്രിക്കല്‍ ജോലിയോ പട്ടുനൂല്‍ക്കൃഷിയോ മെച്ചമെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കുന്നില്ല ഉണ്ണിക്കൃഷ്ണന്‍. മനസിന് ഉല്ലാസവും മികച്ച വരുമാനവും തരുന്നത് ഈ പുഴുക്കള്‍ത്തന്നെ. നാലുവര്‍ഷം കൊണ്ട് രണ്ടിടങ്ങളില്‍ കൃഷി വിജയകരമായി തുടരുന്ന ഉണ്ണിക്കൃഷ്ണന്‍ മറ്റൊരിടത്തുകൂടി പ്ലാന്റ് നിര്‍മിക്കുന്നതിനുളള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."