വന്യമൃഗ ശല്യം: കൈനാട്ടിയില്‍ ഇന്ന് റോഡ് ഉപരോധം
കല്‍പ്പറ്റ: വയനാട് കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇന്ന് കൈനാട്ടിയില്‍ ദേശീയപാത 766ഉം കല്‍പ്പറ്റ-മാനന്തവാടി സംസ്ഥാന പാതയും ഉപരോധിക്കും.
ജില്ലയില്‍ വര്‍ധിക്കുന്ന വന്യജീവി ശല്യത്തിനു പരിഹാരം കാണുക, വടക്കനാട് ഗ്രാമസംരക്ഷണ സമിതി സുല്‍ത്താന്‍ ബത്തേരിയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വഴിതടയുന്നതെന്ന് സമിതി ചെയര്മാന് പി.എം ജോയി, വൈസ് ചെയര്‍മാരായ ഡോ. പി ലക്ഷ്മണന്, വി.പി വര്‍ക്കി, കണ്‍വീനര്‍മാരായ ഗഫൂര്‍ വെണ്ണിയോട്, ടി.പി ശശി എന്നിവര്‍ അറിയിച്ചു. ഉപരോധം രാവിലെ 10.30ന് ആരംഭിക്കും.
വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ സമരം ഒത്തുതീര്‍ക്കുന്നതിന് വനംമന്ത്രി ജില്ലയില്‍നിന്നുള്ള എം.എല്‍.എമാര്‍, കര്‍ഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവരുമായി 27ന് തിരുവനന്തപുരത്ത് നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ കാര്‍ഷിക പുരോഗമന സമിതി കലക്ടറേറ്റ് പടിക്കല്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വന്യജീവികള്‍ വരുത്തുന്ന വിളനാശത്തിന് തക്കതായ നഷ്ടപരിഹാരം അനുവദിക്കണം. ദീര്‍ഘകാല പദ്ധതികളെന്ന നിലയില്‍ കാടിനെയും നാടിനെയും വേര്‍തിരിച്ച് കല്‍മതിലുകളും റെയില്‍ വേലികളും ഘട്ടങ്ങളായി നിര്‍മിക്കണമെന്നും സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."