കുടിവെള്ള മാഫിയയ്ക്ക് കളമൊരുക്കി തദ്ദേശസ്ഥാപനങ്ങള്‍
ഏറ്റുമാനൂര്‍: വേനല്‍ രൂക്ഷമായതോടെ കുടിവെള്ള മാഫിയാകള്‍ തല പൊക്കി തുടങ്ങി. നിയമങ്ങള്‍ കാറ്റില്‍പറത്തി ഇക്കൂട്ടര്‍ക്ക് കളമൊരുക്കുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന പൊതുകിണറുകളും കുളങ്ങളും മാലിന്യകൂമ്പാരമാകുമ്പോള്‍ അത് വൃത്തിയാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാതെ സ്വകാര്യ കുടിവെള്ള മാഫിയായ്ക്ക് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്ന് ജനങ്ങള്‍.മീനച്ചിലാറ്റില്‍ നിന്നും മണല്‍മാഫിയാ ഒഴിഞ്ഞതിനുശേഷം ആറ്റുതീരം കുടിവെള്ളമാഫിയായുടെ കൈകളില്‍ അകപ്പെട്ടു.
കുടിവെള്ളം വില്‍ക്കുന്നവര്‍ ആറ്റുതീരങ്ങളില്‍ അനധികൃതമായി കുഴിക്കുന്ന കിണറുകളുടെ എണ്ണം വര്‍ഷം തോറും ഏറിവരുന്നു. ഇങ്ങനെ ജലമൂറ്റുന്നതിന്റെ പരിണിതഫലം പുഴയോരത്തുപോലും ജലക്ഷാമം ഏറുന്നുവെന്നതാണ്. പുഴയോരം മാത്രമല്ല പാടങ്ങളുടെ കരകളും കുടിവെളള മാഫിയായുടെ കരങ്ങളില്‍ അമരുകയാണ്. പൊതുകിണറുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതുള്‍പ്പെടെ ശുചിത്വപരിപാലനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ട ചുമതല അതാത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്.
എന്നാല്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ പേരിന് ഏതാനും ലോറി കുടിവെള്ളം എത്തിച്ച് രക്ഷപെടുകയാണ് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും. പിന്നെ നാട്ടുകാരുടെ ഏകആശ്രയം സ്വകാര്യവ്യക്തികള്‍ കൊണ്ടുവരുന്ന ജലമാണ്. എന്നാല്‍ ഈ വെള്ളം എവിടെ നിന്നും ശേഖരിക്കുന്നു എന്നറിയാതെയാണ് എല്ലാവരും വന്‍വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നത്.ആറ്റുതീരത്തും പാടങ്ങളുടെ തീരത്തും കിണറുകള്‍ കുഴിച്ച് അനധികൃത കുടിവെള്ള കച്ചവടം നടത്തുന്നത് തടയുമെന്ന് ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ പറഞ്ഞിരുന്നു.
അനധികൃതകുടിവെള്ളവിതരണം നിയന്ത്രിക്കുമെന്നും വിതരണക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്നുമുള്ള കാര്യങ്ങള്‍ കരട് പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തിയത് വികസനസെമിനാറില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. വെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ നഗരസഭ നേരിട്ട് വെള്ളമെത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായി നടപ്പിലാക്കാനാവില്ലെന്നാണ് ഒരു വിഭാഗം കൗണ്‍സിലര്‍മാരുടെ അഭിപ്രായം.
അതേസമയം, പുതിയ പദ്ധതികളോടൊപ്പം അല്‍പം തുക മാറ്റിവെച്ചാല്‍ വൃത്തിയാക്കി ഉപയോഗപ്രദമാക്കാവുന്ന ഒട്ടേറെ ജലസ്‌ത്രോതസുകള്‍ നാട്ടിലുണ്ടെന്ന കാര്യവും ചൂണ്ടി കാണിക്കപ്പെടുന്നു. ഇരുപത് വര്‍ഷം മുമ്പ് ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് മീനച്ചിലാറിന്റെ തീരത്ത് പേരൂര്‍ പായിക്കാട് കടവില്‍ നാട്ടുകാര്‍ക്കായി കുഴിച്ച കിണര്‍ ഇന്ന് മാലിന്യ സംഭരണിയാണ്. അന്ന് പഞ്ചായത്ത് പരിധിയില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന സ്ഥലങ്ങളിലേക്കുള്ള ജലവിതരണം ഇവിടെ നിന്നായിരുന്നു. ഈ കിണറ്റില്‍ ധാരാളം വെള്ളമുണ്ടെങ്കിലും ഉപയോഗിക്കാതായതോടെ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമായി മാറി. ഇതിന് തൊട്ടടുത്ത് സ്വകാര്യവ്യക്തികള്‍ പുതിയ കിണറുകള്‍ കുഴിച്ച് കുടിവെള്ളകച്ചവടം ആരംഭിച്ചതോടെ അധികൃതര്‍ ഈ പൊതുകിണറിനെ മറന്നു.പടിഞ്ഞാറെനട കുടിവെള്ള പദ്ധതിയ്ക്കായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ നിര്‍മ്മിച്ച വന്‍ കിണറും ഇന്ന് മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറി.
ഏറ്റുമാനൂര്‍ ടൗണിലെ രണ്ട് വാര്‍ഡുകളിലേക്കായാണ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കിണര്‍ കുഴിച്ചത്. കിണറിന്റെ പണി പൂര്‍ത്തീകരിച്ചെങ്കിലും ചില സാങ്കേതികകാരണങ്ങളാല്‍ പദ്ധതി എങ്ങുമെത്തിയില്ല. പദ്ധതി പൂര്‍ത്തിയാകും വരെ നഗരസഭ മനസുവെച്ചാല്‍ ഈ കിണറ്റില്‍നിന്നും കുടിവെള്ളം ലോറിയില്‍ ആവശ്യക്കാര്‍ക്ക് വിതരണം നല്‍കാനാവുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.പേരുരിലെ പോളച്ചിറകുളം ഉള്‍പ്പെടെ ഏറ്റുമാനൂര്‍ നഗരസഭയില്‍ ഇരുപതിലധികം പൊതുകിണറുകളും കുളങ്ങളും ഇന്നും അന്യാധീനപ്പെട്ടു കിടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."