പിന്തുണയ്ക്ക് എത്തിയവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷം: പി. ജയരാജന്‍
കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിന് പിന്തുണയുമായി എത്തിയവര്‍ക്കിടയില്‍ ഭിന്നത രുക്ഷമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കീഴാറ്റൂരിലൂടെ എലിവേറ്റഡ് ഹൈവേ ആകാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുന്നോട്ട് വച്ചത്. നേരത്തെ ബൈപാസ് വിരുദ്ധ സമര നേതാവ് ഈ നിര്‍ദേശം തള്ളിക്കളഞ്ഞതാണ്. ഇപ്പോള്‍ സമരസമിതിയുടെ വേദിയില്‍ തന്നെ വി.എം സുധീരന്‍ എലിവേറ്റഡ് ഹൈവേ എന്ന ആശയം ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതിനോട് ബൈപാസ് വിരുദ്ധ സമരക്കാരുടെ നിലപാട് എന്താണെന്ന് അവര്‍ വ്യക്തമാക്കണം.
ആലപ്പുഴ തീരദേശ റെയില്‍വേ ലൈനിന് വേണ്ടി നൂറുകണക്കിന് ഏക്കര്‍ വയല്‍ നികത്തുന്നതിന് കൂട്ടുനിന്ന ആളാണ് സുധീരന്‍. കഴക്കൂട്ടം ഉള്‍പ്പടെ വിവിധയിടങ്ങളില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിച്ചപ്പോള്‍ അതിനെയൊന്നും എതിര്‍ക്കാതിരുന്ന സുരേഷ് ഗോപി കീഴാറ്റൂര്‍ വയലില്‍ എത്തി കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നത് എന്തിന് വേണ്ടിയാണ്.
പരിസ്ഥിതി പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ചിലരാണ് കീഴാറ്റൂരിലെ പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഏതൊരു വികസന പ്രവര്‍ത്തനം നടത്തുമ്പോഴും അതുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ പരമാവധി കുറച്ച് മുന്നോട്ട് പോകുക എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. അതേ നിലപാടാണ് കീഴാറ്റൂരും സ്വീകരിക്കുന്നതെന്നും ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."