സ്ഥലമെടുപ്പ് രീതി നിയമവിരുദ്ധം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന രീതി നിയമവിരുദ്ധമെന്നു പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എന്തിന്റെ പേരിലായാലും ബലം പ്രയോഗിച്ചു സ്ഥലം ഏറ്റെടുക്കുന്നതു കൈയേറ്റമാണെന്നും ജനങ്ങളോട് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ വൈമനസ്യം കാണിക്കുന്നതെന്താണെന്ന് മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനത്തിനായി ഭൂവുടമകളുടെ സമ്മതമില്ലാതെയാണ് സര്‍വേ നടത്തുന്നത്. സര്‍വേ പൂര്‍ത്തിയാക്കിയ ശേഷമേ ഭൂവുടമകളുമായി സംസാരിക്കൂ എന്ന നിലപാട് ശരിയല്ല. പുതിയ അലൈന്‍മെന്റ് സംബന്ധിച്ചു വ്യക്തത വരുത്താന്‍പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. വീടുകള്‍ നഷ്ടപ്പെടില്ലെന്നു പറയുന്ന പുതിയ അലൈന്‍മെന്റില്‍ വീടുകള്‍മാത്രമാണ് ഉള്‍പ്പെടുന്നത്. എ.ആര്‍ നഗറില്‍ സാധാരണക്കാരുടെ അന്‍പതു വീടുകള്‍ നഷ്ടപ്പെടും. ഇവര്‍ക്കു നഷ്ടപരിഹാരമായി എന്തു കിട്ടുമെന്നു മുന്‍കൂട്ടി അറിയിക്കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
നിയമവിരുദ്ധമായും ജനങ്ങളെ അടിച്ചമര്‍ത്തിയും നടക്കുന്ന ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഷയം യു.ഡി.എഫ് ഉയര്‍ത്തിക്കൊണ്ടുവരും. ഇക്കാര്യം ഇന്നു നടക്കുന്ന നിയമസഭയില്‍ എം.എല്‍.എമാര്‍ ഉന്നയിക്കുമെന്നും ദേശീയപാത വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."