ദേശീയപാത വികസനം; രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മര്‍ദത്തില്‍
മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ജില്ലാ ഭരണകൂടവും കിടപ്പാടം നഷ്ടമാകുന്ന ആശങ്കയോടെ ഇരകളും നില്‍ക്കുമ്പോള്‍ വിഷയത്തില്‍ വ്യക്തമായ നിലപാടെടുക്കാനാകാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മര്‍ദത്തില്‍. എന്‍.എച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദേശീയപാത സര്‍വേയ്‌ക്കെതിരേ സമരം തുടരുമ്പോഴാണ് നിലപാട് വ്യക്തമാക്കാതെ ജില്ലയിലെ പാര്‍ട്ടികള്‍ അകന്നുനില്‍ക്കുന്നത്.
സംസ്ഥാന ഭരണം നയിക്കുന്ന സി.പി.എം ഏതു നിലയിലും സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കണമെന്ന നിലപാട് തുടരുകയാണ്. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങള്‍ ഉപരോധിക്കുന്നതുള്‍പ്പെടെ ശക്തമായ സമരം തുടങ്ങിയതോടെ പ്രാദേശികമായി സമരവുമായി സഹകരിക്കാമെന്ന തീരുമാനത്തിലാണ് മുസ്‌ലിംലീഗ്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിയമവിരുദ്ധമായാണ് നടക്കുന്നതെന്ന വിമര്‍ശനവുമായി മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ രംഗത്തെത്തി.
ജില്ലയിലെ ഏക മന്ത്രി കെ.ടി ജലീലിന്റെ വീട് നില്‍ക്കുന്ന പ്രദേശത്താണ് ആദ്യഘട്ടത്തില്‍ സര്‍വേ നടപടികള്‍ നടന്നത്.
കുറ്റിപ്പുറം പഞ്ചായത്തിലെ കുറ്റിപ്പുറം, നടുവട്ടം വില്ലേജ് എന്നിവ പൂര്‍ത്തിയാക്കി സര്‍വേ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കാട്ടിപ്പരുത്തി വില്ലേജിലെത്തിയിട്ടുണ്ട്. സ്ഥലമേറ്റെടുക്കാനായി ഇതുവരെ 264 സര്‍വേ കല്ലുകളാണ് സ്ഥാപിച്ചത്. സര്‍വേ നടന്ന പ്രദേശങ്ങളിലെ ആളുകളെ സംഘടിപ്പിച്ചു മന്ത്രി കെ.ടി ജലീലിന്റെ വീട്ടിലേക്കു ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ഇന്നലെ മാര്‍ച്ച് നടത്തിയെങ്കിലും രാവിലെ വീട്ടിലുണ്ടായിരുന്ന മന്ത്രി മാര്‍ച്ച് എത്തുന്നതിനു മുന്‍പു സ്ഥലം വിടുകയായിരുന്നു. സമരം ചെയ്യുന്നതു ഭൂമി നഷ്ടപ്പെടുന്ന നാട്ടുകാരല്ലെന്നും പുറമേനിന്നു വന്നവരാണെന്നുമായിരുന്നു പിന്നീട് മന്ത്രി കെ.ടി ജലീല്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.
യു.ഡി.എഫ് അധികാരത്തിലിരിക്കുമ്പോഴാണ് ഇതിനു മുന്‍പു ദേശീയപാത സര്‍വേ നടപടികള്‍ നടന്നത്.
അന്ന് ഇരകള്‍ക്കൊപ്പം സമര രംഗത്തുണ്ടായിരുന്ന കെ.ടി ജലീല്‍ മന്ത്രിയായപ്പോള്‍ സമരക്കാരെ കണ്ടില്ലെന്നു നടിക്കുന്നുവെന്നാണ് ഇരകളുടെ ആക്ഷേപം.
യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളുടെ നേതൃത്വത്തിലാണ് ദേശീയപാത കടന്നുപോകുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം നടക്കുന്നത്. ഇവിടങ്ങളില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ഉപരോധ സമരം നടന്നുവരികയാണ്.
എ.ആര്‍ നഗര്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ ഉപരോധം ഇതിനകം നടന്നു. ഇന്നു തിരൂങ്ങാടി, ചേലേമ്പ്ര പഞ്ചായത്തുകളിലും നാളെ എടരിക്കോട്, ആതവനാട്, മാറാക്കര പഞ്ചായത്തുകളിലും ഉപരോധ സമരം നടക്കും. പ്രശ്‌നത്തില്‍ ഇടപെടുന്നതിന്റെ ഭാഗമായി മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ പ്രാദേശികമായി ഇരകളുമായി ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."