സെമി ലക്ഷ്യമിട്ട് നാല് ടീമുകള്‍ ഗ്രൂപ്പ് ബിയില്‍ കടുത്ത പോരാട്ടം
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് ബി ഗ്രൂപ്പിലെ പോരാട്ടം കടുത്തു. ഗ്രൂപ്പ് ബിയില്‍ പ്ലേ ഓഫിലെ നാലില്‍ രണ്ടിനെ കണ്ടെത്താനുള്ള പോരാട്ടം മുറുകി. എ ഗ്രൂപ്പില്‍ കേരളവും പശ്ചിമ ബംഗാളും അനായാസം പ്ലേ ഓഫ് ഉപ്പിച്ചപ്പോള്‍ ബി ഗ്രൂപ്പില്‍ മിസോറം, പഞ്ചാബ്, കര്‍ണാടക, ഗോവ ടീമുകള്‍ തമ്മിലാണ് സെമിക്കായി മത്സരം നടത്തുന്നത്. ഇന്നലെ നടന്ന ഗ്രൂപ്പ് ബി പോരാട്ടങ്ങളില്‍ പഞ്ചാബ് കര്‍ണാടകയെയും ഗോവ ഒഡിഷയെയും പരാജയപ്പെടുത്തിയതോടെ സെമി ഫൈനലിസ്റ്റുകള്‍ ആരെന്ന് നിശ്ചയിക്കാന്‍ നാളെ വരെ കാത്തിരിക്കണം.
നായകന്‍ വിക്ടോറിനോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ നേട്ടത്തിന്റെ കരുത്തിലാണ് ഗോവ സെമി സാധ്യതയിലേക്ക് കയറിയത്. 6-1ന് ഗോവ ഒഡിഷയെ ഗോളില്‍ മുക്കുകയായിരുന്നു. വിക്ടോറിനോ ഫെര്‍ണാണ്ടസ് (15, 45+3, 54), മക്രോയി പെയിക്‌സ്വറ്റോ (58), ഷുബര്‍ട് പെരേര (71), മാര്‍ക്കസ് മസ്‌കരാസസ് (86) എന്നിവരാണ് ഗോളുകള്‍ നേടിയത്. മികച്ച കളി പുറത്തെടുത്ത ഗോവ തുടക്കം മുതലേ ദുര്‍ബലരായ ഒഡിഷയെ ആക്രമിച്ചു. 15ാം മിനുട്ടില്‍ മാര്‍ക്കസ് ആദ്യ ഗോള്‍ നേടി ഗോവയെ മുന്നിലെത്തിച്ചു. തൊട്ടടുത്ത നിമിഷത്തില്‍ തന്നെ ഒഡിഷ തിരിച്ചടിച്ചു. 16ാം മിനുട്ടില്‍ സുനില്‍ സര്‍ദാര്‍ ആണ് ഒഡിഷയ്ക്കായി സമനില ഗോള്‍ നേടിയത്. കളിയുടെ നിയന്ത്രണം വീണ്ടും തിരിച്ചുപിടിച്ച ഗോവ പിന്നീട് നിരന്തരം ഒഡിഷയെ സമ്മര്‍ദ്ദത്തിലാക്കി ഇരു പകുതികളിലുമായി ഗോള്‍ വര്‍ഷം നടത്തി. തോല്‍വിയോടെ ഒഡിഷയുടെ സാധ്യതകള്‍ അവസാനിച്ചു.
സെമി ഫൈനല്‍ സാധ്യത ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പഞ്ചാബും കര്‍ണാടകയും ഏറ്റുമുട്ടിയത്. പഞ്ചാബ് 2-1നാണ് കര്‍ണാടകയെ വീഴ്ത്തിയത്. കളിയുടെ ഏഴാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മലയാളി താരം എസ്. രാജേഷ് കര്‍ണാടകയെ മുന്നിലെത്തിച്ചു. ശക്തമായി തിരിച്ചടിച്ച പഞ്ചാബ് 18ാം മിനുട്ടില്‍ സമനില ഗോള്‍ നേടി. ജിതേന്ദര്‍ റാവത്താണ് പഞ്ചാബിനായി സമനില പിടിച്ചത്. 26 മിനുട്ടില്‍ ബാള്‍ട്ടജ് സിങ് നേടിയ ഗോളിലൂടെ പഞ്ചാബ് ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ പഞ്ചാബും സമനില പിടിക്കാന്‍ കര്‍ണാടകയും പൊരുതിയെങ്കിലും ഗോളുകള്‍ പിറന്നില്ല.
സാധ്യതകള്‍ ഇങ്ങനെ
ഗ്രൂപ്പ് ബിയില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള മിസോറം, പഞ്ചാബ്, കര്‍ണാടക, ഗോവ ടീമുകളുടെ പോരാട്ടം ശക്തമായി. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ ടീമുകള്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകം. പോയിന്റ് നിലയും ഗോള്‍ ശരാശരിയും സെമി ഫൈനല്‍ ടീമുകളെ നിശ്ചയിക്കുമെന്നതും ടീമുകളുടെ പാത കഠിനമാക്കും. മൂന്ന് കളികളില്‍ മൂന്ന് വിജയവുമായി ഒന്‍പത് പോയിന്റുള്ള മിസോറം ആണ് ഗ്രൂപ്പ് ബിയില്‍ മുന്നില്‍. 10 ഗോളുകള്‍ അടിച്ച മിസോറം രണ്ട് ഗോളുകള്‍ വഴങ്ങി. മൂന്ന് കളികളില്‍ നിന്ന് രണ്ട് വിജയവും ഒരു തോല്‍വിയുമുള്ള കര്‍ണാടകയ്ക്ക് ആറ് പോയിന്റുണ്ട്. ഏഴ് ഗോളുകള്‍ അടിച്ച കര്‍ണാടക നാല് ഗോളുകള്‍ തിരിച്ചു വാങ്ങി. പഞ്ചാബ് മൂന്ന് കളികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റ് നേടി. അഞ്ച് ഗോളടിച്ച പഞ്ചാബ് നാലെണ്ണം വഴങ്ങി. ഗോവയ്ക്ക് മൂന്ന് കളികളില്‍ നിന്ന് ഒരു വിജയവും രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്റാണ് സമ്പാദ്യം. എട്ട് ഗോള്‍ അടിച്ച ഗോവ അത്രതന്നെ വാങ്ങിക്കൂട്ടി.
നാളെ നടക്കുന്ന അവസാന മത്സരത്തില്‍ മിസോറം കാര്‍ണാടകയെ കീഴടക്കുകയും പഞ്ചാബിനെ മികച്ച ഗോള്‍ ശരാശരിയില്‍ തോല്‍പ്പിക്കാനും കഴിഞ്ഞാല്‍ ഗോവയ്ക്ക് സെമി ഉറപ്പിക്കാം. കര്‍ണാടക മികച്ച ഗോള്‍ ശരാശരിയില്‍ മിസോറാമിനെ മറികടന്നാല്‍ സെമിയിലെത്തും. ഗോവയെ മികച്ച മാര്‍ജിനില്‍ മറിടകടക്കാന്‍ പഞ്ചാബിന് കഴിഞ്ഞാല്‍ അവര്‍ക്കും അവസാന നാലിലേക്ക് മുന്നേറാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."