ഇന്ന് ലോക നാടക ദിനം: അരങ്ങിലെ ഓര്‍മകളില്‍ ശ്രീകുമാരി
കൊട്ടാരക്കര: അരങ്ങിലെ ഓര്‍രകള്‍ക്ക് തിരശീല ഉയരുമ്പോള്‍ നാല് പതിറ്റാണ്ട് നീണ്ട അഭിനയ സ്മരണകളുടെ ഫ്‌ളാഷ് ബായ്ക്കിലാണ് ശ്രീകുമാരി(61).
ഒന്‍പതാം വയസില്‍ ജന്മനാടായ കോട്ടാത്തല പണയില്‍ ദേവീക്ഷേത്രമുറ്റത്ത് നൃത്തനാടക വേദിയിലേക്ക് അഭിനയത്തിന്റെ ആദ്യ പദമൂന്നിയത് ഒരു സ്‌പോട്ട് ലൈറ്റിലെന്നപോലെ മിഴിവാര്‍ന്ന ദൃശ്യമായി ഇവരുടെ മനസില്‍ ഇന്നുമുണ്ട്.
കംസന്റെ കുട്ടിക്കാലമായിരുന്നു ആദ്യവേഷം. പിന്നീടിങ്ങോട്ട് അഭിനയത്തിന്റെ പകര്‍ന്നാട്ടം പൊലിപ്പിച്ചെടുത്ത കഥാപാത്രങ്ങള്‍ നിരവധിയാണ്.
ആയിരത്തിലേറെ വേദികളില്‍ മിന്നിത്തിളങ്ങി. പണയില്‍ ദേവിയുടെ തിരുനടയില്‍ തുടങ്ങിയ അഭിനയത്തിന്റെ സിദ്ധി വിശേഷം ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ വരെ നീണ്ടു. മലയാളി സമാജത്തിന്റെ ക്ഷണപ്രകാരം ഒന്നിലേറെ ട്രൂപ്പുകളിലായി പലതവണ ഇവര്‍ ഉത്തരേന്ത്യന്‍ മണ്ണിലെത്തിയിരുന്നു.കൊട്ടാരക്കര ശ്രീഭദ്ര, കായംകുളം പീപ്പിള്‍സ്, മയ്യനാട് ഷമി തീയറ്റേഴ്‌സ്, കൊല്ലം വിശ്വകല, അടൂര്‍ ജയ തീയറ്റേഴ്‌സ്, കൊല്ലം ചൈതന്യ, കൊല്ലം മാതൃക തുടങ്ങി കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള അന്‍പതില്‍പ്പരം നാടക ബാലെ ട്രൂപ്പുകളിലെ മുഖ്യ നടിയായി ശ്രീകുമാരി മാറിയിരുന്നു.
കാണിക്ക പോലെ കൈവെള്ളയില്‍ ഇട്ടുകൊടുത്ത എട്ടണയിലായിരുന്നു തുടക്കം. ആദ്യത്തെ പ്രതിഫലം. ഓട്ടക്കാലണപോലെ തേഞ്ഞ് പോയേക്കാവുന്ന ഒരു ജീവിതം അവിടെ നിന്നും കരുപ്പിടിപ്പിക്കുകയായിരുന്നു.
കോട്ടാത്തല അറപ്പുര വീട്ടില്‍ കുട്ടന്‍പിള്ളയുടെയും രുഗ്മിണി അമ്മയുടെയും രണ്ട് മക്കളില്‍ ഇളയകുട്ടിയായിരുന്ന ശ്രീകുമാരി നാടകത്തിന്റെ തട്ടേല്‍ കയറിയത് വീട്ടിലെ പട്ടിണിയോട് പടവെട്ടാനായിരുന്നുവെന്ന് അടുപ്പക്കാര്‍ക്ക് അറിയാം.
അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്കുള്ള യാത്രയിലെ പ്രതിഫലത്തുക തുശ്ചമായിരുന്നെങ്കിലും ജീവിതവേഷം മുഷിയാതിരിക്കാനത് തുണച്ചു. നാല്പതാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ അവസാന വേഷമിട്ടത് ജയില്‍ സൂപ്രണ്ടായിട്ടാണ്.
കൊല്ലം മാതൃകയുടെ 'അകത്തമ്മ' എന്ന നാടകത്തിലെ ഈ വേഷപ്പകിട്ട് പ്രതിഫലത്തില്‍ ഇല്ലായിരുന്നെന്ന് ശ്രീകുമാരി ചിരിയോടെ പറയുന്നു. കിട്ടിയത് 250 രൂപ. അന്നും ഇന്നും അഭിനയത്തില്‍ കണിശക്കാരിയാണ് കോട്ടാത്തല കുഴിവേലില്‍ഭാഗം പുതിയവീട്ടില്‍ ശ്രീകുമാരി. പക്ഷേ, പ്രതിഫലത്തില്‍ കണക്ക് പറയാറില്ല.
പത്ത് വര്‍ഷം മുന്‍പ് അരങ്ങിനോട് വിടപറഞ്ഞത് മനസോടെയല്ലെന്ന് ഇവര്‍ പറയുന്നു. ഭാഗവത പാരായണവും സഹസ്രനാമവുമൊക്കെയായി ക്ഷേത്രങ്ങളിലും മറ്റും ഇപ്പോഴും സജീവമാണ്. സി.ആര്‍.പി.എഫ് ജവാനായിരുന്ന പരേതനായ ശ്രീധരന്‍ പിള്ളയാണ് ഭര്‍ത്താവ്. മക്കള്‍ : സ്‌കന്ദ കുമാര്‍, ഹര്‍ഷകുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."