സമ്പൂര്‍ണ ബജറ്റ് നിയമസഭ പാസാക്കി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റ് നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെയാണ് ബജറ്റ് പാസാക്കിയത്. ബജറ്റിലെ നിര്‍ദേശങ്ങളെല്ലാം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും.
മുന്‍ വര്‍ഷങ്ങളില്‍ ജൂലൈയിലാണ് ബജറ്റ് പാസാക്കാറ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ഭൂമിയിടപാടുകളുടെ രജിസ്‌ട്രേഷന്‍ ഫീസ് ആറര ലക്ഷം രൂപവരെ ആയിരം രൂപയാക്കി. പിന്നീട് വരുന്ന ഓരോ ലക്ഷത്തിനും 150 രൂപ വീതം അധികം നല്‍കണം.
അന്തര്‍സംസ്ഥാന അടയ്ക്കാ വ്യാപാരികള്‍ക്ക് നികുതി ബാധ്യതയില്‍ നല്‍കിയ ആംനസ്റ്റി പ്രകാരം 12 പ്രതിമാസ തുല്യഗഡുക്കളായി തിരിച്ചടയ്‌ക്കേണ്ടതിനു പകരം 36 പ്രതിമാസ തുല്യഗഡുക്കളായി അടച്ചാല്‍ മതി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും വിലയില്‍ പ്രതിഫലിക്കില്ല.
ബിവറേജസ് കോര്‍പറേഷന്റെ ലാഭത്തില്‍ കുറവു വരും. വിദേശ നിര്‍മിത വിദേശമദ്യത്തിന്റെ കരിഞ്ചന്ത വില്‍പന തടയാനായി അവയുടെ നികുതിയില്‍ കുറവ് വരുത്തും. നികുതിച്ചോര്‍ച്ചയുണ്ടെന്ന് ധനവിനിയോഗ ബില്ലിനിടെ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചു. ഇക്കാര്യം പരിശോധിക്കുമെന്ന് ചര്‍ച്ചക്കു മറുപടി പറഞ്ഞ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സി.ഫാം നല്‍കാത്തവരുടെ നികുതി കുറയ്ക്കാന്‍ കഴിയില്ല.
വിഷുവിനു ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യും. ട്രഷറി സ്തംഭനമെന്ന വാദത്തില്‍ കാര്യമില്ല. കടത്തിന്റെ വലിപ്പം കാട്ടി ആധിയുണ്ടാക്കരുതെന്ന് പ്രതിപക്ഷത്തോട് ധനമന്ത്രി അഭ്യര്‍ഥിച്ചു. അമേരിക്കയ്ക്ക് നമ്മുടെ പത്തിരട്ടി കടമില്ലേ. അതുകൊണ്ട് അമേരിക്ക തകര്‍ന്നു എന്നാരെങ്കിലും പറയുമോ?. വളര്‍ച്ചാ നിരക്കിനേക്കാള്‍ കടത്തിന്റെ നിരക്ക് കൂടരുതെന്നേയുള്ളൂവെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. ബജറ്റ് അവതരണവേളയില്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലാതെയാണ് ബജറ്റ് സഭ പാസാക്കിയത്.
കൃഷിഭൂമിക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കു വേണ്ടി തന്നെയാകും ആ തുക ചെലവഴിക്കുക. സഹകരണസംഘങ്ങള്‍ക്കും മറ്റുമായി അതിന്റെ വിഹിതം ലഭ്യമാകും. പ്ലാന്റേഷന്‍ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റവന്യൂ, കൃഷി, വനം വകുപ്പുകളുമായതി ചര്‍ച്ച ചെയ്തു തീരുമാനിക്കും. അടയ്ക്ക വ്യാപാരികളുടെ വാറ്റ് കുടിശിക ഇളവു ചെയ്യുന്നതിനും എഴുതിത്തള്ളുന്നതിനും നിയമ തടസമുണ്ട്. എന്നാല്‍ സംസ്ഥാനത്തിനു കഴിയുന്ന നിലയ്ക്ക് പലിശയും പിഴയും ഒഴിവാക്കി 36 തവണകളായി തിരിച്ചടച്ചാല്‍ മതിയാകും എന്ന വ്യവസ്ഥ ഏര്‍പ്പെടുത്താമെന്ന ധനകാര്യ ബില്‍ ചര്‍ച്ചക്കു മറുപടി നല്‍കിയ മന്ത്രി പറഞ്ഞു. മൂല്യവര്‍ധിത നികുതിയില്‍ (വാറ്റ്) വെട്ടിപ്പ് നടത്തിയവരെ കണ്ടെത്താനായി നികുതി വകുപ്പ് പുതിയ സോഫ്റ്റ്‌വെയര്‍ മോഡ്യൂള്‍ തയാറാക്കിയിട്ടുണ്ട്. ഒരു കോടിയിലേറെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്കു മേല്‍ മാത്രമേ ഇപ്പോള്‍ നടപടിയുണ്ടാകൂ. സ്വര്‍ണ വ്യാപാരികള്‍ കൂടുതല്‍ നികുതി കുടിശിക അടയ്‌ക്കേണ്ടി വരും.
സര്‍ക്കാര്‍ മാപ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടും നികുതി കുടിശിക അടയ്ക്കുന്നതില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാല്‍ ഇനി കര്‍ശന നടപടികള്‍ ആരംഭിക്കാനാണ് തീരുമാനം. നികുതി വെട്ടിക്കാനായി പുതുച്ചേരിയില്‍ 2,357 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 1,007 പേര്‍ക്ക് നോട്ടിസ് നല്‍കി. 247 പേര്‍ 21 കോടി രൂപ നികുതിയായി അടച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ കൂടി നികുതി അടയ്ക്കുന്നതോടെ 200 കോടി രൂപയാണ് സര്‍ക്കാര്‍ വരുമാനമായി പ്രതീക്ഷിക്കുന്നത്. മുദ്രപത്രവില കുറച്ചു കാണിക്കുന്നവര്‍ക്കെതിരേ നോട്ടിസയക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ധനകാര്യബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസിലെ വി.ഡി സതീശന്‍, കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സാമ്പത്തിക നയം ഒരുപോലെയാണെന്ന ധനമന്ത്രിയുടെ പരാമര്‍ശത്തിനു മറുപടി പറയാനാണ് തന്റെ പ്രസംഗം മുഴുവന്‍ ഉപയോഗിച്ചത്. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ പാതയിലേക്കു ലോകം മുഴുവന്‍ പോയപ്പോഴാണ് നരസിംഹറാവു സര്‍ക്കാരും നിലപാടിലേക്കു നീങ്ങിയത്. കോണ്‍ഗ്രസ് ഭരണകാലത്താണ് രാജ്യത്തിന് റവന്യൂ വരുമാനവും വിദേശ വ്യാപാരവും കൂടിയതെന്നും സതീശന്‍ പറഞ്ഞു. അതേ സമയം സി.പി.എമ്മിലെ എ. പ്രദീപ്കുമാറാകട്ടെ കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിക്ക് കാരണം സാമ്പത്തിക നയങ്ങളാണെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കുറ്റപ്പെടുത്തിയത് എടുത്തുകാട്ടി.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ നവലിബറല്‍ നയങ്ങളെ എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തുമ്പോള്‍ ഇതേ നയങ്ങളുടെ നടത്തിപ്പുകാരാവുകയാണെന്ന് മുസ്‌ലിം ലീഗിലെ എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. വാശിയോടെ ബംഗാളില്‍ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയും നന്ദിഗ്രാമില്‍ നിന്നും സിംഗൂരില്‍ നിന്നും പാവങ്ങളെ ഓടിക്കുകയുമാണ് ചെയ്തത്. ജി.എസ്.ടി സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നായിരുന്നു ധനമന്ത്രി പറഞ്ഞിരുന്നത്. മന്ത്രി എ.കെ ബാലനാകട്ടെ ജി.എസ്.ടി നല്‍കിയ ദുരിതത്തെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നതെന്ന് ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. 13 വര്‍ഷത്തിനു ശേഷമാണ് സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ബജറ്റ് പാസാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."