മാന്യമായ പെരുമാറ്റം: ജില്ലകള്‍ തോറും നല്ല നടപ്പ് പഠിപ്പിച്ച് പൊലിസ് മേധാവികള്‍
തിരുവനന്തപുരം: ജനങ്ങളോട് മാന്യമായി പെരുമാറാന്‍ ജില്ലകള്‍ തോറും നല്ല നടപ്പ് പഠിപ്പിച്ച് ജില്ലാ പൊലിസ് മേധാവികള്‍. സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ അടിയന്തര നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ എല്ലാ ജില്ലാ പൊലിസ് ആസ്ഥാനങ്ങളിലും വച്ച് ഒരു മണിക്കൂര്‍ നല്ല നടപ്പ് പരിശീലനം നല്‍കി.
ഹൈവേ പട്രോളിങ് ഉദ്യോഗസ്ഥര്‍, ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥര്‍, ട്രാഫിക് നിയന്ത്രിക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടം എന്ന നിലയില്‍ ഇന്നലെ പരിശീലനം നല്‍കിയത്. വാഹന പരിശോധനക്കിടെ യാത്രക്കാര്‍ പ്രകോപനം ഉണ്ടാക്കിയാലും സംയമനം പാലിക്കണമെന്നും പരിശോധന പൊലിസിന്റെ കാമറയിലോ മൊബൈല്‍ ഫോണിലോ റെക്കോര്‍ഡ് ചെയ്യണം, പെറ്റി അടയ്ക്കാന്‍ പണമില്ലെങ്കില്‍ അഡ്രസ് കുറിച്ചെടുത്ത് വിട്ടയക്കണം, പരിശോധനക്കിടയില്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടി കൂടരുത്, പൊലിസിനെതിരേയുള്ള ദുഷ്‌പേര് മാറ്റി എടുക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ജില്ലാ പൊലിസ് മേധാവിമാര്‍ പരിശീലനത്തിനെത്തിയ പൊലിസുകാര്‍ക്ക് നല്‍കി.
അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലിസുകാരില്‍ നിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം ഇന്നലെ അടിയന്തര പരിശീലനം നല്‍കിയത്. ജനങ്ങളോട് മാന്യമായി പെരുമാറാത്ത പൊലിസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലിസ് മേധാവിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാഹനപരിശോധനാ വേളയില്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നിവ സംബന്ധിച്ച് നിലവിലുള്ള സര്‍ക്കുലര്‍ പൊലിസുകാരെ ജില്ലാ പൊലിസ് മേധാവിമാര്‍ പരിചയപ്പെടുത്തി.
എല്ലാ മാസവും ഒരു മണിക്കൂര്‍ പരിശീലനം തുടരാനാണ് പൊലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."