കെ.എസ്.ആര്.ടി.സിയിലെ ഡ്യൂട്ടി പരിഷ്ക്കരണം: 31ന് യൂനിയനുകളുമായി ചര്‍ച്ച
തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനു മുന്നോടിയായി കെ.എസ്.ആര്.ടി.സി മാനേജ്മെന്റും യൂനിയനുകളുമായി 31ന് ചര്‍ച്ച നടത്തും. ചര്‍ച്ചക്കായി യൂനിയനുകളെ മാനേജ്മെന്റ് ക്ഷണിച്ചിട്ടുണ്ട്. സി.ഐ.ടി.യു അനുകൂല സംഘടനയായ കെ.എസ്.ആര്.ടി.ഇ.എയുടെ നിരാഹാര സമരത്തെ തുടര്‍ന്ന് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഏത് പരിഷ്ക്കരണ നടപടിയും യൂനിയനുകളുമായി ചര്‍ച്ച ചെയ്തു മാത്രമേ നടപ്പിലാക്കൂ എന്നു തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 31ലെ ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്.
സിംഗിള്‍ ഡ്യൂട്ടി, സോണുകളായി തിരിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. സോണുകളായി തിരിക്കുന്നതിനെ കെ.എസ്.ആര്.ടി.ഇ.എ അനുകൂലിക്കുമ്പോള്‍ സിംഗിള്‍ ഡ്യൂട്ടിയെ ശക്തമായി ഏതിര്ക്കുന്നുമുണ്ട്. മറ്റു യൂനിയനുകള്‍ ഇതുരണ്ടും എതിര്‍ക്കുകയാണ്. അതിനാല്‍ തന്നെ ചര്‍ച്ച ഫലപ്രദമാകാനിടയില്ല.
ചര്‍ച്ച തീരുമാനിച്ചപ്പോള്‍തന്നെ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങിക്കൊള്ളാന്‍ തൊഴിലാളികള്‍ക്ക് കെ.എസ്.ആര്.ടി.എ അറിയിപ്പ് നല്കികഴിഞ്ഞു. അനിശ്ചിതകാല സമരമെന്ന ആശയത്തിനെതിരേ യൂനിയനുള്ളില്തന്നെ രണ്ടഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. അടുത്തമാസം രണ്ടിന് നടക്കുന്ന പൊതുപണിമുടക്കില്‍ പങ്കെടുക്കുന്നത് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനുള്ള ആലോചന കെ.എസ്.ആര്.ടി.ഇ.എ നടത്തുന്നുണ്ട്. മാനേജ്മെന്റുമായുള്ള ചര്‍ച്ചക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ യൂനിയന്‍ തീരുമാനമെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."