പട്ടയഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ല: ഇ. ചന്ദ്രശേഖരന്‍
തിരുവനന്തപുരം: മൂന്നാര്‍ പ്രദേശത്ത് 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു കിട്ടുന്ന ഭൂമി താമസാവശ്യത്തിനല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതു സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും എസ്. രാജേന്ദ്രന്റെയും സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്വന്തമായി കൃഷിക്കും, താമസത്തിനും, സമീപവസ്തുവിന്റെ ഗുണപരമായ അനുഭവത്തിനും മാത്രമെ ഈ ഭൂമി ഉപയോഗിക്കാന്‍ പാടുള്ളു.
നിലവിലുള്ള പ്രധാനപ്പെട്ട പതിവുചട്ടങ്ങളില്‍ ഭൂമിയുടെ ഉപയോഗവും നിര്‍മാണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച പ്രധാനപ്പെട്ട വ്യവസ്ഥകള്‍ നിലവിലുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള ചട്ടങ്ങളും കോടതി ഉത്തരവുകളും പ്രകാരം നിലവിലെ സാഹചര്യത്തില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി ഇത്തരം നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുന്ന വിഷയം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷകളില്‍ നിരസിക്കേണ്ടവ ദേവികുളം സബ് കലക്ടറുടെ ഓഫിസില്‍ തന്നെ തീര്‍പ്പാക്കാനും അനുമതിക്ക് ശുപാര്‍ശ ചെയ്യപ്പെടുന്നവ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന് ലഭിച്ച നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എട്ട് വില്ലേജുകളിലായി ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണി നേരിടുന്നുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, പതിച്ചു നല്‍കിയ ഭൂമിയില്‍ താമസത്തിനായി വീട് നിര്‍മിക്കുന്നതിനും വീട് പുതുക്കി പണിയുന്നതിനും എന്‍.ഒ.സി നല്‍കുന്നതിന് തടസമില്ല. അതിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ച് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."