മടവൂര്‍ കൊലപാതകം; ഹര്‍ത്താല്‍ ആചരിച്ചു
കിളിമാനൂര്‍: മടവൂരില്‍ ഇന്നലെ നേരം പുലര്‍ന്നത് കൊലപാതക വാര്‍ത്തയുമായാണ്. എഫ്.എം റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനും സൗണ്ട് റിക്കാര്‍ഡിസ്റ്റും മടവൂരില്‍ രാജേഷ് മെട്രാസ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനയുടമയുമായ രാജേഷിന്റെ കൊലപാതകം നാട്ടുകാരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.
കൊലപാതകത്തിന്റെ കാരണം അറിയാത്തത് അന്വേഷിക്കുന്ന പൊലിസിനെയും കുഴക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് മടവൂരിലെ സ്വന്തം സ്ഥാപനത്തിനുള്ളില്‍ വെച്ച് രാജേഷിനെ വെട്ടി കൊലപ്പെടുത്തിയത്. കൂടെ ഉണ്ടായിരുന്ന രാജേഷിന്റെ സഹപ്രവര്‍ത്തകന്‍ കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി കുട്ടന്‍ ആക്രമികളുടെ വെട്ടേറ്റ് ഓടി രക്ഷപ്പെട്ടെങ്കിലും രാജേഷിനെ രക്ഷപെടാന്‍ ആക്രമികള്‍ അനുവദിച്ചില്ല.
ആസൂത്രണം ചെയ്തും നിരീക്ഷണം നടത്തിയുമാണ് കൊലപാതകികള്‍ കൃത്യം നിര്‍വഹിച്ചതെന്നാണ് കുട്ടനില്‍ നിന്ന് പൊലിസിന് ലഭിക്കുന്ന ആദ്യ സൂചനകള്‍. പുലര്‍ച്ചെ റോഡും പരിസരവും വിജനമായിരുന്നു. രാജേഷിനെ ലക്ഷ്യം വെച്ച് വന്നവര്‍ കുട്ടനെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നു എന്നാണ് പൊലിസിന്റെ നിഗമനം.
രാജേഷിനെ കൃത്യമായി അറിയാവുന്നവരും സംഘത്തില്‍ ഉണ്ടായിരുന്നിരിക്കണം. പുലര്‍ച്ചെ രാജേഷ് സ്ഥാപനത്തില്‍ ഉണ്ടെന്ന് ഉറപ്പിച്ചാണ് കൊലപാതകികള്‍ കൃത്യം നിര്‍വഹിച്ച് രക്ഷപ്പെട്ടത്. ആക്രമികള്‍ വന്ന കാര്‍ പലവട്ടം കടയുടെ മുന്നിലൂടെ നിരീക്ഷണം നടത്തിയതായും ഇത് രാജേഷും കുട്ടനും ശ്രദ്ധിച്ചിരുന്നതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
രാജേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മടവൂരില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."