ജനങ്ങളോട് എങ്ങനെ പെരുമാറണം: പൊലിസ് സേനയ്ക്കായി പ്രത്യേക ക്ലാസ്
കൊട്ടാരക്കര: വാഹന പരിശോധനയുടെ പേരിലുള്ള അനാവശ്യ അസൗകര്യങ്ങളും വിവാദങ്ങളും ഉണ്ടാകുന്നത് തടയുന്നതിനു വേണ്ടി കൊല്ലം റൂറല്‍ ജില്ലാ പൊലിസിന് സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ക്ലാസ് നല്‍കി.
കൊട്ടാരക്കര മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ വച്ച് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു ക്ലാസ്.
സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ മുതല്‍ ഇന്‍സ്‌പെക്ടര്‍ റാങ്ക് വരെയുള്ള ഉദ്യോഗസ്ഥര്‍ക്കായിരുന്നു നല്ല പെരുമാറ്റത്തെ പറ്റിയുള്ള ക്ലാസ്സ്.
സ്റ്റേഷനുകളിലും ട്രാഫിക് യൂനിറ്റിലും ഹൈവേ പെട്രോള്‍, കണ്‍ട്രോള്‍ റൂം വാഹനങ്ങളിലും ജോലി ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളുമായ 228 ഉദ്യോഗസ്ഥര്‍ക്കും ക്ലാസില്‍ പങ്കെടുത്തു. വാഹനാപകടങ്ങള്‍ ഇല്ലാതാക്കുക, നിയമ വിരുദ്ധമായ വാഹന ഉപയോഗം തടയുക, കുറ്റവാളികളുടെ സുഗമമായ സഞ്ചാരം തടയുക, മയക്ക് മരുന്ന് കടത്ത് തടയുക, എന്നിവയായിരിക്കണം വാഹന പരിശോധനയുടെ ലക്ഷ്യങ്ങള്‍.
പെറ്റിക്കേസുകളുടെ എണ്ണം തികയ്ക്കാന്‍ വേണ്ടി മാത്രം വാഹന പരിശോധന നടത്തരുത്. വാഹന ഗതാഗതം രൂക്ഷമായി അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍, ഇടുങ്ങിയ റോഡുകള്‍, വളവുകള്‍ എന്നിവിടങ്ങളില്‍ അടിയന്തര സാഹചര്യമില്ലാതെ വാഹന പരിശോധന നടത്താന്‍ പാടില്ല. ഒരു സമയം ഒന്നിലധികം വാഹനം തടഞ്ഞ് നിര്‍ത്തി ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ വാഹന പരിശോധന ഒഴിവാക്കണം.
ഒരു വാഹനം പരിശോധനയക്ക് വിധേയമാക്കുമ്പോള്‍ അതിലെ ഡ്രൈവറോടും മറ്റും മാന്യമായി മാത്രമേ അഭിസംബോധന ചെയ്യാന്‍ പാടുള്ളു. സ്ത്രികളാണെങ്കില്‍ മാഡം എന്നോ സഹോദരിയെന്നോ മാത്രമേ വിളിക്കാവൂ. പുരുഷന്മാരേ സര്‍ എന്നോ സുഹൃത്ത് എന്നോ അഭിസംബോധന ചെയ്യാവു വാഹന പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ തികച്ചും മാന്യമായ പെരുമാറ്റം ഉറപ്പ് വരുത്തേണ്ടതും അനാവശ്യമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കേണ്ടതുമാണ്.
വാഹന പരിശോധന വേളയില്‍ ഒരു കാരണവശാലും ആത്മനിയന്ത്രണം വിട്ടു കൊണ്ട് യോഗ്യമല്ലാത്ത രീതിയില്‍ സംസാരിക്കാനോ പെരുമാറാനോ ആരെയും ദേഹോപദ്രവം ഏല്‍പിക്കാനോ പാടുള്ളതല്ല.
വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ശരിയായ വിധത്തില്‍ യൂനിഫോം ധരിക്കേണ്ടതും അവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിധത്തില്‍ അവരുടെ പേര്, ഉദ്യോഗസ്ഥരുടെ പേര് എന്നിവ യൂനിഫോമില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
കഴിയുന്നതും വാഹന പരിശോധന മൊബൈല്‍ ഫോണിലോ കൈവശമുള്ള വീഡിയോ കാമറയിലോ പകര്‍ത്തണം.
വാഹന പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനം എന്താണെന്നും അതിന് നിയമപരമായി അവര്‍ ഒടുക്കേണ്ടുന്ന പിഴ എന്താണെന്നും, മോട്ടോര്‍ വാഹന നിയമത്തിലെ ഏത് സെക്ഷന്‍ പ്രകാരമാണ് പിഴ ചുമത്തിയതെന്നും ഇക്കാര്യത്തില്‍ തത്സമയം പിഴ അടയക്കാതെ കോടതിയില്‍ പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന് അവകാശമുണ്ടെന്നും അവരെ അറിയിക്കേണ്ടതാണ്.
ഡിവൈഎസ്.പിമാരായ കൃഷ്ണ കുമാര്‍, ജെ. ജേക്കബ്, ഹരികൃഷ്ണന്‍, സിനി ഡെന്നീസ്, അനില്‍കുമാര്‍ ക്ലാസിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."