മെഡി. കോളജ് പരീക്ഷാഹാളിനു 13 കോടി
ചേവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 250 വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാവുന്ന ആധുനിക പരീക്ഷാ ഹാള്‍ നിര്‍മിക്കുന്നതിനു 13 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മെഡിക്കല്‍ കോളജിലെ പരീക്ഷാഹാളിന്റെ പരിമിതമായ സൗകര്യം മനസിലാക്കിയാണ് ആരോഗ്യവകുപ്പ് തുക അനുവദിച്ചത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മെഡിക്കല്‍ കോളജിന്റെ വലിയ പോരായ്മ സൗകര്യങ്ങളോടുകൂടിയ പരീക്ഷാഹാള് ഇല്ലെന്നുള്ളതായിരുന്നു. 250 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് സ്ഥിരാംഗീകാരം നല്കുമ്പോള് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രഥമ പരിഗണന നല്‍കിയത് പരീക്ഷാ ഹാളിനായിരുന്നു. പരിശോധനാ സമയത്ത് കോളജിലെ നിള, കബനി, കാവേരി എന്നീ ഹാളുകള്‍ ചേര്‍ത്താണു പരീക്ഷാഹാളിനുള്ള സംവിധാനമൊരുക്കിയിരുന്നത്.
ഇപ്പോള്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ താഴെനിലയില്‍ പാര്‍ക്കിങ് സൗകര്യത്തിനും രണ്ടുനിലകളില്‍ ഒന്നില്‍ തിയറി പരീക്ഷയ്ക്കും മറ്റൊന്ന് മൂല്യ നിര്‍ണയത്തിനുമായി ഉപയോഗിക്കും. കെട്ടിടത്തിന്റെ പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരീക്ഷാഹാള് യാഥാര്‍ഥ്യമാകുന്നതോടെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ സഹായകരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."