ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായി
കഠിനംകുളം: ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് ഉത്തരവായി. ഏപ്രില്‍ പകുതിയോടെ ഉത്തരവ് നടപ്പിലാക്കും.
നിലവില്‍ ഐലന്റ്, മലബാര്‍, പരശുറാം, ചെന്നൈ വീക്കിലി ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ളതിന് പുറമേയാണ് ഇന്റര്‍സിറ്റിക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്തത് ഐ.ടി നഗരത്തിലെ ടെക്കികളുടെ യാത്രയെ ദുരിതത്തിലാക്കുന്നുണ്ട്. അഞ്ഞൂറു കിലോമീറ്ററിനപ്പുറം ടിക്കറ്റുവില്‍പന ഈ സ്റ്റേഷനില്‍ കുറവാണെന്ന മുടന്തന്‍ ന്യായം ഉന്നയിച്ചാണ് കഴക്കൂട്ടം റെയില്‍വേ വികസന ആക്ഷന്‍ കൗണ്‍സിലും ടെക്കികളുടെ സംഘടനയായ പ്രതിധ്വനിയും ആവശ്യപ്പെട്ട ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിക്കാതിരിക്കുന്നത്.
കഴക്കൂട്ടത്തെ റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ പെരുമഴ തന്നെ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ഭയ ഫണ്ടില്‍ നിന്ന് സി.സി ക്യാമറ സ്ഥാപിക്കും. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്ന എ.ടി.വി.എം കൗണ്ടര്‍, ലഗ്ഗേജ് ട്രോളി, ശരീരികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് ഉപയോഗിക്കാനായി വീല്‍ ചെയര്‍, ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ 23 ബോഗികളില്‍ കയറാന്‍ പറ്റുന്ന പ്ലാറ്റ് ഫോം, മൂന്നാം പ്ലാറ്റുഫോമിന്റെ പൊക്കം കൂട്ടി തറയോട് പാകുക, മൂന്നു ഐ.ആര്‍.എസ് ഷെല്‍ട്ടര്‍, നാലു മുറികളുള്ള ബാത്‌റൂം, സി.എ.ഡി ഡിപ്ലോ ബോര്‍ഡ്, ടച്ച് സ്‌ക്രീന്‍ തുടങ്ങിയ വികസനങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
വികസന പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തുന്നതിനായി ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ കുല്‍ശ്രേഷ്ഠ കഴിഞ്ഞ ദിവസം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. കഴക്കൂട്ടം സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനം, ദീര്‍ഘദൂര തീവണ്ടിക്ക് സ്റ്റോപ്പ് തുടങ്ങിയ വിഷയങ്ങള്‍ ജനറല്‍ മാനേജരുമായി ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ടും നിവേദനവും കഴക്കൂട്ടം റെയില്‍വേ വികസന ആക്ഷന്‍ കൗണ്‍സില്‍ ജന. കണ്‍വീനര്‍ ജോണ്‍ വിനേഷ്യസ് ജി.എമ്മിനു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."