മക്കളുടെ പഠനത്തിനു ഫീസടക്കാന്‍ വഴിയില്ല: വനംവകുപ്പ് ഓഫിസിനു മുന്നില്‍ മക്കളോടൊപ്പം കര്‍ഷകന്റെ ആത്മഹത്യാ ശ്രമം
തൊടുപുഴ: കടക്കെണിയിലായ കര്‍ഷകനും രണ്ടും മക്കളും വനം വകുപ്പിന് ഓഫിസിനു മുമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിന്നക്കനാല്‍ സിങ്കുകണ്ടത്തെ വേട്ടുവന്‍തേരി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ മോഹനന്‍ (54), മക്കളായ പ്ലസ് ടു വിദ്യാര്‍ഥിനി മേഘ (16), മേഘനാഥന്‍ (9) എന്നിവരാണ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 20 വര്‍ഷമായി കൃഷി നടത്തി വന്നിരുന്ന മോഹനനും കുടുംബവും 50 ലക്ഷത്തോളം രൂപ കടത്തില്‍ മുങ്ങി ജീവിതമാര്‍ഗം വഴിമുട്ടിയതോടെയാണ് ആത്മഹത്യയ്‌ക്കൊരുങ്ങിയത്. സ്വന്തമായുള്ള മൂന്ന് ഏക്കര്‍ സ്ഥലത്താണ് കൃഷി നടത്തി വന്നിരുന്നത്. ഏലം, കുരുമുളക്, ഓറഞ്ച് തുടങ്ങിയവയ്‌ക്കൊപ്പം യൂക്കാലിയും പൈന്‍ മരങ്ങളും കൃഷി ചെയ്തിരുന്നു. കാട്ടാനശല്യം രൂക്ഷമായതോടെ കൃഷിയുടെ താളം തെറ്റി.
ഇതിനിടെ വീട് പണിയുന്നതിന് ഫെഡറല്‍ ബാങ്കില്‍ നിന്നു 10 ലക്ഷം രൂപ വായ്പയെടുത്തു. കൃഷിയില്‍ നിന്നു ലഭിക്കുന്ന ആദായത്തില്‍ നിന്ന് ഈ തുക അടയ്ക്കാമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൃഷിയുടെ താളം തെറ്റിയതോടെ ബാങ്കിലേക്ക് പണം തിരികെ അടയ്ക്കാനാവാതെ വന്നു. പലിശയുള്‍പ്പടെ ഇത് 25 ലക്ഷത്തോളം കുടിശികയായതോടെ സാമ്പത്തിക പ്രതിസന്ധിയിലുമായി. വീട്ടും ചെലവുകള്‍ക്കും കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കുമായി യൂക്കാലിപ്റ്റസ്, പൈന്‍ മരങ്ങള്‍ മുറിക്കുവാനുള്ള അനുമതിക്കായി ദേവികുളം ഫോറസ്റ്റ് റെയിഞ്ച് ഓഫിസിനെ സമീപിച്ചു. എന്നാല്‍ വനം വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
മൂത്തമകള്‍ മേഘയുടെ തുടര്‍പഠനത്തിനായി 18000 രൂപ ആവശ്യമായ വന്നതോടെയാണ് മരം മുറിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് മോഹനന്‍ വനം വകുപ്പിനെ സമീപിച്ചത്. സാങ്കേതി തടസങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതോടെ മറ്റു മാര്‍ഗങ്ങള്‍ അടഞ്ഞ മോഹനും രണ്ടു കുട്ടികളും ഇന്നലെ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ, പെട്രോള്‍ എന്നിവയുമായി ദേവികുളത്തെ ഫോറസ്റ്റ് റെയിഞ്ച് ഓഫിസില്‍ എത്തുകയായിരുന്നു. ആവശ്യം പറഞ്ഞപ്പോള്‍ പതിവുള്ള മറുപടി ലഭിച്ചയുടന്‍ മോഹനന്‍ ആദ്യം രണ്ടു മക്കളുടെ ദേഹത്തും പിന്നീട് സ്വയവും ശരീരത്തിലൂടെ മണ്ണെണ്ണ ഒഴിച്ചു. ഇതോടെ ഓഫിസിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. ബഹളം കേട്ട് സമീപവാസികള്‍ എത്തുകയും ചെയ്തതോടെ പ്രശ്‌നം രൂക്ഷമായി. വിവരമറിഞ്ഞെത്തിയ ദേവികുളം പൊലിസ് സ്ഥലത്തെത്തി കര്‍ഷകനുമായും വനം വകുപ്പ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. വിഷയത്തില്‍ ഉചിതമായ നടപടിയെടുക്കാമെന്ന് അറിയിക്കുകയും പൊലിസ് വാഹനത്തില്‍ മോഹനനേയും കുട്ടികളെയും വീട്ടിലെത്തിക്കുകയുമായിരുന്നു. വീട് പണിയാന്‍ ബാങ്കില്‍ നിന്നെടുത്ത കടത്തിനു പുറമെ മറ്റൊരു പ്രാദേശിക ബാങ്കിലും മോഹനന് ബാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."