മെഡിക്കല്‍ കോളേജ് വീണ്ടും ചരിത്രനേട്ടത്തിലേയ്ക്ക്; അര്‍ബുദം ബാധിച്ച തുടയെല്ല് നീക്കം ചെയ്ത് ലോഹ നിര്‍മിത തുടയെല്ല് സ്ഥാപിച്ചു
ഗാന്ധിനഗര്‍: അര്‍ബുദം ബാധിച്ച തുടയെല്ല് നീക്കം ചെയ്ത്, ലോഹ നിര്‍മ്മിത തുടയെല്ല് അപൂര്‍വ്വ ശസ്ത്രക്രീയയിലൂടെ സ്ഥാപിച്ച്, കോട്ടയം മെഡിക്കല്‍ കോളേജ് വീണ്ടും ചരിത്രനേട്ടത്തിലേയ്ക്ക്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം രണ്ടാം യൂനിറ്റിലാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയത്.
വൈക്കം സ്വദേശിനിയായ 85 വയസുള്ള വീട്ടമ്മയുടെ ഇടത്, തുടയെല്ലാണ് പൂര്‍ണമായും നീക്കം ചെയ്ത ശേഷം പകരം ലോഹ നിര്‍മ്മിതമായ തുടയെല്ല് പുനഃസ്ഥാപിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ വീട്ടമ്മക്ക് ഇടത് കാല്‍മുട്ടിന് മേല്‍ഭാഗത്ത് വേദനയായിരിന്നു. പ്രായമുള്ളതിനാല്‍ ആദ്യം ആരും ശ്രദ്ധിച്ചില്ല.
കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് മുമ്പ് വേദന ശക്തമായി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ, മുന്‍ സൂപ്രണ്ടും, അസ്ഥിരോഗ വിഭാഗം രണ്ടാം യൂനിറ്റ് ചീഫ് ഡോ. ടിജി തോമസ് ജേക്കബ് നടത്തിയ വിദഗ്ധ പരിശോധനയിലാണ് തുടയെല്ലിന് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്. 34 സെന്റി മീറ്റര്‍ നീളമുണ്ടായിരിന്ന തുടയെല്ലില്‍ 32 സെന്റിമീറ്ററും, അര്‍ബുദം ബാധിച്ചതായി കണ്ടെത്തി. ഇത്ര യുഗുരുതരമായ നിലയില്‍ ആയതിനാല്‍, തുടയെല്ല്, പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കാരുണ്യ പദ്ധതി പ്രകാരം രണ്ടര ലക്ഷം രൂപാ അനുവദിപ്പിക്കുകയും പിന്നീട് പൂനെയില്‍ നിന്നും ലോഹ നിര്‍മിത തുടയെല്ല് എത്തിക്കുകയായിരിന്നു.ഇന്നലെ രാവിലെ 8.30 ന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചകഴിഞ്ഞ് 1.30 ന് പൂര്‍ത്തിയാക്കി. തുടയെല്ല് പൂര്‍ണ്ണമായി നീക്കം ചെയ്ത ശേഷം പകരം ലോഹ നിര്‍മിതമായ തുടയെല്ല് വയ്ക്കുന്ന ശസ്ത്രക്രിയ ഗവ. മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി നടന്നത് കോട്ടയത്താണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ യൂനിറ്റ് ചീഫ് ഡോ.റ്റി.ജി തോമസ് പറഞ്ഞു. ഡോ. റെജി വര്‍ഗ്ഗീസ്, ഡോ.ഷാജിമോന്‍ വര്‍ഗ്ഗീസ്, ഡോ.രാഹുല്‍, ഡോ. ഫാന്‍ ഷോ, അനസ്‌ത്യേഷ്യാ വിഭാഗം ഡോ. റെജിമോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."