വിധിയില്‍ തൃപ്തയല്ല; പോരാട്ടം തുടരും: സാകിയാ ജഫ്രി
ന്യൂഡല്‍ഹി: ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി നരഹത്യക്കിടെ കൊല്ലപ്പെട്ട മുന്‍ ലോക്‌സഭാംഗം ഇഹ്‌സാന്‍ ജഫ്രിയുടെ വിധവ സാകിയ ജഫ്രി കോടതി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ചു. പ്രതികള്‍ക്കു കനത്ത ശിക്ഷ ലഭിക്കണേയെന്നാവശ്യപ്പെട്ടു താന്‍ ബുധനാഴ്ച മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. എന്നാല്‍ ഇന്നലെ ടി.വി ചാനലുകള്‍ കണ്ടപ്പോള്‍ ഹൃദയം പൊട്ടി. 14 വര്‍ഷമായി തുടരുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കൂട്ടക്കൊലയില്‍ പങ്കാളികളായ എല്ലാവര്‍ക്കും കടുത്ത ശിക്ഷനല്‍കണം. കൂട്ടക്കൊല നേരിട്ടു കണ്ടയാളാണു താന്‍. സംഭവത്തെക്കുറിച്ച് എല്ലാം തനിക്കറിയാം. എല്ലാവരും ശിക്ഷിക്കപ്പെടുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. കുറ്റവാളികള്‍ക്കു പരമാവധി ശിക്ഷ തന്നെ നല്‍കണം. അവരെ ജീവിതം മുഴുവനായി തടവിലിടണം. എങ്കില്‍ മാത്രമേ ഉറ്റവരില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന്റെ വേദന അവര്‍ക്ക് മനസ്സിലാവൂ - സാകിയ കൂട്ടിച്ചേര്‍ത്തു.
പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന ആ നല്ല സുദിനത്തിനു കാത്തിരിക്കുകയാണ് തങ്ങളുടെ കുടുംബമെന്ന് ജഫ്രിയുടെ മകള്‍ നിഷ്‌റിന്‍ സുപ്രഭാതത്തോടു പറഞ്ഞു.
24 പേരെയെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയതില്‍ സന്തോഷം ഉണ്ടെന്നും 36 പേരെ വെറുതെവിട്ടതിനെതിരേ നിയമയുദ്ധം തുടരുമെന്നും ജഫ്രിയുടെ മകന്‍ തന്‍വീറും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."