ന്യൂജെനറേഷന്‍ സിനിമകള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്: കമല്‍
പാലക്കാട്: ന്യുജനറേഷന്‍ സിനിമകള്‍ അതത് കാലങ്ങളില്‍ എപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ഭരത്‌ഗോപിയും അച്ചന്‍കുഞ്ഞും താരങ്ങളായത് അങ്ങനെയാണെന്നും സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പറഞ്ഞു.
വിനായകനെ പോലുള്ള അഭിനേതാക്കള്‍ക്കു പരിഗണന ലഭിക്കുന്നത് ഇക്കാലത്തെ സിനിമയുടെ മാറ്റമാണെന്നു പറയുന്നവര്‍ സിനിമാചരിത്രം മുഴുവന്‍ മനസിലാക്കിയിട്ടില്ല. ഇപ്പോള്‍ മാത്രം നടക്കുന്ന പ്രതിഭാസമെന്ന നിലയിലാണ് പലപ്പോഴും ന്യുജെനറേഷന്‍ സിനിമകളെ പരിചയപ്പെടുത്തുന്നത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ടോപ് ഇന്‍ ടൗണ്‍ എന്നിവയുമായി സഹകരിച്ചു പാലക്കാട് പ്രസ് ക്ലബ് നടത്തിയ ടോപ് ടെന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അച്ചന്‍കുഞ്ഞിനെയും ഭരത് ഗോപിയെയും പോലുള്ളവര്‍ മുമ്പ് സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്ത നടന്മാരാണെന്ന് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ഓര്‍മിക്കണം. ഇപ്പോള്‍ സിനിമയില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, പഴയ കാലത്ത് ഇതൊന്നുമില്ലാതിരുന്നുവെന്നു പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല.
രാജ്യാന്തര സിനിമകള്‍ വീട്ടിലെ കമ്പ്യൂട്ടറിലിരുന്ന് ഡൗണ്‍ലോഡ് ചെയ്ത് കണ്ട് ആസ്വദിക്കുന്നവര്‍, സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ എത്തിക്കുന്നതിനു പിന്നിലെ പരിശ്രമം അറിയാറില്ല.
നിര്‍മാതാക്കളുടെയോ വിതരണക്കാരുടെയോ അനുമതിയോടെയും ഓരോ പ്രദര്‍ശനത്തിനും നിശ്ചിത തുക നല്‍കിയാലും മാത്രമേ പുതിയ വിദേശ ചിത്രങ്ങള്‍ പോലും പ്രദര്‍ശനത്തിനു ലഭിക്കുകയുള്ളു. പഴയകാല സിനിമകള്‍, സിനിമാ പ്രസിദ്ധീകരണങ്ങള്‍, നോട്ടീസുകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആര്‍ക്കൈവ് ചെയ്യാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഡയറക്ടറി തയാറാക്കുമെന്നും കമല്‍ അറിയിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍ അധ്യക്ഷനായി. ജി.പി. രാമചന്ദ്രന്‍, എം. കാസിം, ടോപ് ഇന്‍ ടൗണ്‍ ഉടമപി. നടരാജന്‍, പ്രസ് ക്ലബ് സെക്രട്ടറി എന്‍.എ.എം. ജാഫര്‍, പ്രസ് ക്ലബ് ഫിലിം സൊസൈറ്റി കണ്‍വീനര്‍ ആര്‍. ശശിശേഖര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."