കഫീല്‍
നീയിപ്പോള്‍ ഉറങ്ങാറുണ്ടോ?
കൊള്ളയും കൊള്ളിവയ്പ്പും
കൊലയും ബലാല്‍ക്കാരവും
ജീവിതചര്യയാക്കിയവരുടെ കൂടെ
ഒരേ മുറിയില്‍ ഒരേ ഉടുപ്പില്‍
ഒരേ തണുപ്പിലും ചൂടിലും
നിനക്കുറങ്ങാന്‍ പറ്റാറുണ്ടോ
നിനക്കു ചുറ്റും പൂമ്പാറ്റകള്‍
വിരുന്നെത്താറുണ്ടോ?
സ്വപ്നങ്ങള്‍ പൂക്കാറുണ്ടോ
നിന്റെ മയക്കങ്ങളില്‍.
പക്ഷേ,
നിനക്കര്‍ഹത ജയിലാണ്
കൊടുംകുറ്റവാളികളുടെ കൂടെ.
കാരണം
നീ ഭിഷഗ്വരനാണ്
പണമുണ്ടാക്കുക,
അധികാരികളെ സംരക്ഷിക്കുക
എന്ന ലക്ഷ്യം നിറവേറ്റുന്നതില്‍
നീ പരാജിതനായി.
പ്രാണവായു കിട്ടാതെ
ഒരുനേരത്തെ ആഹാരത്തിനു
വകയില്ലാത്തവരുടെ
പിഞ്ചുപൈതങ്ങള്‍
നൊന്തുകരഞ്ഞപ്പോള്‍
ജാതിമതം നോക്കാതെ
വര്‍ണവെറിയില്ലാതെ
രക്ഷിക്കാന്‍ നോക്കിയത്
വലിയതെറ്റ്!
മാധ്യമങ്ങള്‍ സത്യമറിയാന്‍
വന്നപ്പോള്‍ ഭരണകൂടമുണ്ടെന്ന്
നീ മറന്നതും
നിന്റെ കുട്ടികളെപ്പോലെ
ജീവിക്കാന്‍
അവകാശമുണ്ടെന്നും
കരുതിയതും തെറ്റ്!
നീ തൊപ്പിയുള്ളവരുടെ
കൂട്ടത്തിലായത് കടുത്തപരാധം!
കഫീല്‍,
നീ, പണമുണ്ടാക്കാന്‍,
വെറുതെ കീറിമുറിക്കാന്‍
പഠിക്കണം!
മരിച്ചാലും ജീവനുണ്ടെന്ന്
പറഞ്ഞു ശീതീകരിച്ച റൂമില്‍
കിടത്താന്‍ പഠിക്കണം!
പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്ന
ആതുരാലയങ്ങളെ നീ മറക്കണം!
വീര്‍ത്ത കീശയുള്ളവനെ
ലക്ഷ്യം വയ്ക്കണം!
വിലകൂടിയ ജീവനുകളുടെ
കാവല്‍ക്കാരനാകണം!
ജീവിക്കാന്‍ പഠിക്കണം!
ആര്‍ക്കോ വേണ്ടി
ജയിലില്‍ കിടന്നു
നരകിക്കാനല്ല!
ആര്‍ക്കും വേണ്ടാത്തവര്‍ക്കു
തുണയാകാനല്ല!
പക്ഷം ചേര്‍ന്നുനില്‍ക്കാന്‍
പഠിക്കണം!
അല്ലെങ്കില്‍ തടവറയിലെ
ഉറുമ്പുകളെ നോക്കിയിരിന്നോളൂ
ഈ ജന്മം മുഴുക്കെ!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."