രാഹുലിന് പറയാനുള്ളത് ഇല്ലായ്മയുടെ കഥകള്‍
ചെറുവത്തൂര്‍: മിച്ച ഭൂമിയിലെ പണി തീരാത്ത കൊച്ചു വീട്. അതിനകത്തേക്ക് കയറിച്ചെല്ലുമ്പോള്‍ കാണാം നിറയെ ട്രോഫികള്‍. കൃത്യമായി അടുക്കി വെക്കാന്‍ ഒരു ഷെല്‍ഫ് പോലുമില്ലാത്തതിനാല്‍ മേശ മുകളിലും തറയിലുംചുമരിലുമൊക്കെയായി നിരത്തി വെച്ചിരിക്കുന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ അഭിമാനമായ കെ.പി രാഹുലിന്റെ വീടാണിത്. ജീവിത ദുരിതങ്ങളെ കളി മികവ് കൊണ്ട് മറി കടന്നാണ് രാഹുല്‍ സന്തോഷ് ട്രോഫി വരെ എത്തിയത്. അന്നന്നത്തേക്കുള്ള അന്നത്തിന് വക കണ്ടെത്താന്‍ പാടുപെടുമ്പോള്‍ മകന്റെ കളി മികവിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ വിഷമിച്ച് നില്‍ക്കുകയാണ് മാതാപിതാക്കള്‍.
പിലിക്കോട് സ്വദേശിയായ രാഹുല്‍ നന്നേ ചെറുപ്പത്തിലേ കാല്‍പന്ത് കളിയില്‍ മികവ് തെളിയിച്ച് തുടങ്ങിയിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പേള്‍ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞു. ഡല്‍ഹിയില്‍ നടന്ന സുബ്രതോ കപ്പില്‍ അണ്ടര്‍ 17ല്‍ മികച്ച കളിക്കാരനായി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോഴും മകന്റെ ഫുട്‌ബോള്‍ സ്വപ്നങ്ങളെ തല്ലിക്കെടുത്താന്‍ പിതാവ് രമേശനും മാതാവ് തങ്കമണിയും തയ്യാറായിരുന്നില്ല. പിലിക്കോട് കോതോളിയിലെ തറവാട് വീട്ടിലായിരുന്നു ആദ്യം രാഹുലും കുടുംബവും താമസിച്ചിരുന്നത്.
എന്നാല്‍ അവിടെ നിന്ന് മാറിത്താമസിക്കേണ്ടി വന്നപ്പോള്‍ ചീമേനിയില്‍ ഒരു വര്‍ഷത്തോളം വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞു. ഇതൊന്നും രാഹുലിന്റെ പരിശീലനത്തെയോ കളിയെയോ ബാധിക്കരുതെന്ന ദൃഢ നിശ്ചയം ഇവര്‍ക്കുണ്ടായിരുന്നു. പിന്നീട് മിച്ചഭൂമിയിനത്തില്‍ ചെമ്പ്രകാനം മുണ്ടയില്‍ സര്‍ക്കാര്‍ ഇവര്‍ക്ക് ഭൂമിയനുവദിച്ചു.
ബാങ്കില്‍നിന്ന് ലോണെടുത്തും കടം വാങ്ങിയും കയറിക്കിടക്കാന്‍ പാതി പൂര്‍ത്തിയാക്കിയ
ഓടിട്ട ഒറ്റ മുറി വീടും പണിതു. ഇതിനിടയിലാണ് സന്തോഷ് ട്രോഫി ടീമിലേക്ക് രാഹുലിന് സെലക്ഷന്‍ ലഭിക്കുന്നത്.
നിര്‍ണായക മത്സരത്തില്‍ ബംഗാളിനെതിരേ നേടിയ ഒരു ഗോള്‍ ഉള്‍പെടെ നാല് ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച് രാഹുല്‍ മധ്യനിരയില്‍ തിളങ്ങി.
സര്‍ക്കാറിന്റെയും കായിക പ്രേമികളുടെയും സഹായമുണ്ടായാല്‍ മാത്രമേ രാഹുലിന് ഇനിയും ഉയരങ്ങളില്‍ എത്താന്‍ കഴിയൂ. മകന്റെ ഫുട്‌ബോള്‍ കളിക്ക് പ്രചോദനം നല്‍കി നല്ലൊരു കളിക്കാരനാക്കാന്‍ ഒപ്പം നിന്നവരെ നന്ദിയോടെ ഓര്‍ക്കുകയാണ് മാതാപിതാക്കളും ഏക സഹോദരി രസ്‌നയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."