അപരാജിതരായി ആറാംവട്ടം കേരളം
കൊല്‍ക്കത്ത: വിജയങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന പരിശീലകന്‍ സതീവന്‍ ബാലന്‍ അണിയിച്ചൊരുക്കിയ യുവത്വവും പരിചയ സമ്പത്തും ഒത്തിണങ്ങിയ കേരള ടീമിന് നന്ദി. 24 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെ കീഴടക്കി ചരിത്ര നേട്ടം. 1993- 94 സീസണില്‍ ഒഡിഷയിലെ കട്ടക്കില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നേരിടേണ്ടി വന്ന തോല്‍വിക്ക് ഷൂട്ടൗട്ടിലൂടെ തന്നെ കേരളത്തിന്റെ പ്രതികാരം. സന്തോഷ് ട്രോഫി ചരിത്രത്തില്‍ പത്ത് ഫൈനലുകള്‍ ബംഗാള്‍ സ്വന്തം നാട്ടില്‍ കളിച്ചു. ഒന്‍പതിലും കിരീടം ചൂടി. എന്നാല്‍, പത്താം പോരാട്ടത്തില്‍ മലയാളി കരുത്തിന് മുന്നില്‍ ബംഗാള്‍ കീഴടങ്ങി. മലയാളത്തിന്റെ കാല്‍പന്തുകളി ആവേശത്തിന് അതിരുകളില്ലാത്ത സന്തോഷം സമ്മാനിച്ചാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ 4-2ന് ബംഗാളിനെ കീഴടക്കിയാണ് കേരളം കപ്പടിച്ചത്. ബംഗാള്‍ കടുവകളെ വിവേകാനന്ദ യുബ ഭാരതി ക്രീഡനിലെ മടയിലെത്തി വേട്ടയാടിയാണ് യുവത്വം ഇന്ത്യന്‍ ഫുട്‌ബോളിലെ വിശ്വ കിരീടം കേരളത്തിന് സമ്മാനിച്ചത്. കളിയുടെ മുഴുവന്‍ സമയത്ത് 1-1ന് സമനില പിടിച്ചും അധിക സമയത്ത് 2-2 സമനില പിടിച്ചും മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. കേരളത്തിനായി കിക്കെടുത്ത നാല് താരങ്ങളും ലക്ഷ്യം കണ്ടപ്പോള്‍ ബംഗാള്‍ നിരയില്‍ രണ്ട് പേര്‍ക്കാണ് ഗോള്‍ നേടാനായത്.
14ാം ഫൈനലിനായിരുന്നു ഇന്നലെ കേരളം ഇറങ്ങിയത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫൈനലില്‍ പന്തുതട്ടിയ കേരളത്തിന് ഇത് ആറാം സന്തോഷ് ട്രോഫി കിരീടം. സാള്‍ട്ട് ലേക്കിലെ പുല്‍ ത്തകിടിയില്‍ ബംഗാള്‍ താരങ്ങളോടും റഫറിയോടും കളത്തിന് പുറത്തെ കളികളോടും കാണികളോടും കേരളത്തിന് പൊരുതേണ്ടി വന്നു. 72 ാമത് സന്തോഷ് ട്രോഫിയില്‍ തോല്‍വി അറിയാതെയായിരുന്നു കേരളത്തിന്റെ അപരാജിത കുതിപ്പ്.
സൂപ്പര്‍ സ്റ്റാര്‍ എം.എസ് ജിതിന്‍
ബംഗളിന്റെ മുന്നേറ്റമായിരുന്നു തുടക്കത്തില്‍. 19ാം മിനുട്ടില്‍ സ്വപ്ന ഫൈനലില്‍ കേരളം മുന്നിലെത്തി. കേരളത്തിന്റെ പകുതിയില്‍ നിന്ന് സീസണ്‍ വലത് പാര്‍ശ്വത്തിലൂടെ ബംഗാള്‍ നിരയിലേക്ക് പന്ത് നിട്ടീയടിച്ചു. പന്ത് പിടിച്ചെടുത്ത എം.എസ് ജിതിനെ പ്രതിരോധിക്കാന്‍ താരങ്ങളുണ്ടായില്ല. സോളോ റണ്‍ കളിച്ച് പെനാല്‍റ്റി ബോക്‌സില്‍ പ്രവേശിച്ച ജിതിന്‍ ഗോളി രണജിത് മുഖര്‍ജി മജുംദറെ കബളിപ്പിച്ച് ബംഗാളിന്റെ ഗോള്‍ വലയിലേക്ക് നിറയൊഴിച്ചു. കേരളം ബംഗാളിന് മേല്‍ ആധിപത്യം ഉറപ്പിച്ച നിമിഷം. സന്തോഷ് ട്രോഫിയില്‍ ടോപ് സ്‌കോററായി മാറിയ എം.എസ് ജിതിന്റെ അഞ്ചാം ഗോള്‍.
തിരിച്ചടിക്കാന്‍ ശ്രമിച്ച് ബംഗാള്‍
ഒരു ഗോളിന് പിന്നിലായയതോടെ തിരിച്ചടിക്കാന്‍ ബംഗാള്‍ ആക്രമണം ശക്തമാക്കി. 26ം മിനുട്ടില്‍ ഗോള്‍ ഉറപ്പിച്ചുള്ള ബംഗാളിന്റെ കോര്‍ണര്‍. വലത് മൂലയില്‍ നിന്ന് അങ്കിത് മുഖര്‍ജി എടുത്തുയര്‍ത്തി അടിച്ച പന്തിന് ജെതിന്‍ മുര്‍മു മികച്ചൊരു ഹെഡ്ഡറിലൂടെ കേരളത്തിന്റെ വലയിലാക്കി. അതിന് മുന്‍പേ ലൈന്‍ റഫറി ഓഫ് സൈഡ് ഫ്‌ളാഗ് ഉയര്‍ത്തി. 33ാം മിനുട്ടില്‍ ബംഗാള്‍ താരം ജെതിന്‍ മുര്‍മു തൊടുത്ത ലോങ് റേഞ്ച് ബാറിന് മുകളിലൂടെ പറന്നു. 36ാം മിനുട്ടില്‍ കേരളത്തിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അഫ്ദല്‍ ഇടത് പാര്‍ശ്വത്തില്‍ നിന്ന് നല്‍കിയ ക്രോസ് പെനാല്‍റ്റി ബോക്‌സിന് പുറത്ത് വച്ച് ലക്ഷ്യത്തിലേക്ക് തൊടുക്കുന്ന ജിതിന്‍ ഗോപാലിന് പിഴച്ചു. 39ാം മിനുട്ടില്‍ വലത് വിങിലൂടെ പന്തുമായി ബംഗാള്‍ ഗോള്‍ മുഖത്തേക്ക് കുതിച്ചെത്തി തൊടുത്ത ഷോട്ട് പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ പന്തുമായി പ്രത്യാക്രമണം നടത്തിയ ബംഗാള്‍ അപകടം വിതച്ചെങ്കിലും കോര്‍ണര്‍ വഴങ്ങി ഗോളി മിഥുന്‍ രക്ഷകനായി. 44ാം മിനുട്ടില്‍ അഫ്ദലിനെ ഫൗള്‍ ചെയ്തതിന് ബംഗാള്‍ താരം സൗരവ് ദാസ് ഗുപ്തയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി.
ആദ്യ പകുതി അധിക സമയത്തേക്ക്. കേരളം നടത്തിയ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതിനിടെ ബോള്‍ പുറത്തേക്ക്. ലൈന്‍ റഫറി കോര്‍ണര്‍ ഫ്‌ളാഗ് ഉയര്‍ത്തിയില്ല. മുഖ്യ റഫറി ഇടപെട്ടാണ് കേരളത്തിന് കോര്‍ണര്‍ അനുവദിച്ചത്.
അഫ്ദലിന്റെ പിഴ
കളി ആദ്യ പകുതിയുടെ അധിക സമയത്തേക്ക്. കേരളത്തിന് ലീഡ് ഉയര്‍ത്താന്‍ കിട്ടിയ മികച്ച അവസരം. മധ്യനിരയില്‍ നിന്ന് കെ.പി രാഹുല്‍ നല്‍കിയ പാസ് പിടിച്ചെടുത്ത് വലത് പാര്‍ശ്വത്തിലൂടെ എം.എസ് ജിതിന്റെ മുന്നേറ്റം. പെനാല്‍റ്റി ബോക്‌സിന് പുറത്തു വച്ച് പന്ത് ബംഗാള്‍ പ്രതിരോധ താരം തട്ടിക്കളഞ്ഞു. പന്ത് കിട്ടിയ അഫ്ദല്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ തൊടുത്ത ഷോട്ട് ക്രോസ്ബാറില്‍ തട്ടി പുറത്തേക്ക് പോയി. അങ്ങനെ മനോഹരമായ നീക്കത്തിന്റെ അന്ത്യം നിരാശയില്‍ അവസാനിച്ചു.
ആദ്യ പകുതിയില്‍ പ്രതിരോധവും ആക്രമണവും ഒരു പോലെ സമന്വയിപ്പിച്ചാണ് കേരളവും ബംഗാളും പന്തുതട്ടിയത്. ബംഗാള്‍ അധിക സമയം പന്ത് കൈവശം വെച്ചു കളിച്ചെങ്കിലും കിട്ടിയ അവസരം കേരളം മുതലാക്കി. കേരളത്തിന്റെ പ്രതിരോധവും ഗോളി മിഥുനും മികവ് പുലര്‍ത്തിയത് ഒന്നാം പകുതിയില്‍ ആവേശമായി.
ആക്രമിച്ച് തുടക്കം
കേരളത്തിന്റെ ആക്രമണത്തോടെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. 46ാം മിനുട്ടില്‍ വി.കെ അഫ്ദലും കെ.പി രാഹുലും ഗോള്‍മുഖത്തിന് സമീപം വരെ ആക്രമണവുമായി എത്തിയെങ്കിലും വിജയിച്ചില്ല. തിരിച്ചടിയുമായി ബംഗാളും മുന്നേറിയതോടെ പോരാട്ടം കടുത്തു. സമനില ഗോള്‍ തേടി ബംഗാളും ലീഡ് ഉയര്‍ത്താന്‍ കേരളവും ആക്രമണം ശക്തമാക്കിയതോടെ പോരാട്ടം കനത്തു. 61 ാം മിനുട്ടില്‍ കേരളം ഗോള്‍ ഉറപ്പിച്ച നീക്കം പുറത്തേക്ക് പറന്നു. വലത് പാര്‍ശ്വത്തിലൂടെ ബംഗാള്‍ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞു പന്തുമായി എത്തിയ ജിതിന്‍ നല്‍കിയ ക്രോസ് ലക്ഷ്യത്തില്‍ എത്തിക്കാന്‍ പി.സി അനുരാഗിന് കഴിഞ്ഞില്ല. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ അനുരാഗ് ഉതിര്‍ത്ത് ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു. തൊട്ടുപിന്നാലെ ബംഗാള്‍ രണ്ട് തവണ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിരോധവും ഗോളി മിഥുനും രക്ഷകരായി.
സമനില പിടിച്ച് മുര്‍മു
67 ാംമിനുട്ടില്‍ ബംഗാള്‍ സമനില ഗോള്‍ ഉറപ്പിച്ചു. സ്ഥാനം തെറ്റിനിന്ന കേരള പ്രതിരോധത്തെ മറികടന്നു പകരക്കാരായി ഇറങ്ങിയ രജന്‍ ബര്‍മന്‍ ബോക്‌സില്‍ കയറിയ നല്‍കിയ ക്രോസ് ബംഗാള്‍ നായകന്‍ ജിതന്‍ മുര്‍മു കൃത്യമായി കേരളത്തിന്റെ വലയില്‍ അടിച്ചു കയറ്റി. പ്രതിരോധത്തിന്റെ പാളിച്ചയും ഗോളി മിഥുന്‍ പന്ത് പിടിച്ചെടുക്കാന്‍ മുന്നിലേക്ക് ഓടിക്കയറിയതുമാണ് ഗോള്‍ വീഴാന്‍ വഴിയൊരുക്കിയത്.
അവസരങ്ങള്‍ പാഴാക്കി കേരളം
സമനില ഗോള്‍ വീണതോടെ തുടരെ തുടരെ കേരളം ബംഗാള്‍ ഗോള്‍ മുഖത്ത് ആക്രമണം ശക്തമാക്കി. മൂന്ന് തവണയാണ് ഗോള്‍ നീക്കവുമായി കേരളം ആക്രമണം നടത്തിയത്. ബംഗാളും തിരിച്ചടി തുടങ്ങിയതോടെ കളി കൂടുതല്‍ പരുക്കനായി. 78ാം മിനുട്ടില്‍ പി.സി അനുരാഗിനെ തിരിച്ചു വിളിച്ചു പരിശീലകന്‍ സതീവന്‍ ബാലന്‍ വി.എസ് ശ്രീക്കുട്ടനെ കളത്തിലിറക്കി. 79ാം മിനുട്ടില്‍ ബംഗാള്‍ താരം ഗോള്‍മുഖത്തേക്ക് തൊടുത്ത ഷോട്ട് വി മിഥുന്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 79ാം മിനുട്ടില്‍ ബംഗാള്‍ താരത്തെ ഫൗള്‍ ചെയ്തതിന് ഫ്രീകിക്ക്. തീര്‍ഥങ്കര്‍ സര്‍ക്കാര്‍ തൊടുത്ത കിക്ക് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. ബംഗാളിന് അനുകൂലമായി ലഭിച്ച കോര്‍ണറും മുതലാക്കാനായില്ല. പ്രത്യാക്രമണം നടത്തിയ കേരളം വീണ്ടും ഗോള്‍ നേടാനുള്ള അവസരം പാഴാക്കി. 83ാം മിനുട്ടില്‍ വലത് ഭാഗത്ത് നിന്ന് അഫ്ദല്‍ തൊടുത്ത ഷോട്ട് ഗോളി തടുത്തു. പന്ത് കിട്ടിയ ജിതിന്‍ ഗോപാലന്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോളി വീണുകിടന്നു രക്ഷപ്പെടുത്തി. 86ാം മിനുട്ടില്‍ സീസണ്‍ ഗോള്‍മുഖത്തേക്ക് ഉയര്‍ത്തി കൊടുത്ത പന്ത് ജിതിന്‍ അഫ്ദലിന് മറിച്ചുകൊടുത്തു. ഓടിക്കയറിയ ഗോളി വീണു കിടക്കുന്നതിനിടെ തുറന്ന പോസ്റ്റിലേക്ക് അഫ്ദല്‍ തൊടുത്ത ഷോട്ട് പ്രതിരോധ താരം പുറത്തേക്ക് തട്ടി രക്ഷപ്പെടുത്തി. നിശ്ചിത സമയത്തും കളി സമനിലയിലായതോടെ ജേതാക്കളെ തീരുമാനിക്കാനുള്ള പോരാട്ടം 30 മിനുട്ട് അധിക സമയത്തേക്ക്.
മുന്നിലെത്തിച്ച് വിബിന്‍, സമനില പിടിച്ച് ബംഗാള്‍
കളി അധിക സമയത്തേക്ക് കടന്നതോടെ ഇരു ടീമുകളുടെയും മുന്നേറ്റം തളര്‍ന്ന പോലെ. പതിഞ്ഞ ആക്രമണം. കേരളത്തിന് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതിനിടെ ബംഗാളിന് ലഭിച്ച ഫ്രീകിക്ക് ഗോളി മിഥുന്‍ ഓടിക്കയറി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ബംഗാളിന് കോര്‍ണര്‍. ജിതന്‍ മുര്‍മു എടുത്ത കിക്ക് ഗോളി പിടിച്ചെടുത്തു.
പ്രത്യാക്രമണവുമായി കേരളവും ഇരമ്പിക്കയറി. 107 ാം മിനുട്ടില്‍ ഗോളി ലക്ഷ്യം തെറ്റി നില്‍ക്കേ ലഭിച്ച ഗോള്‍ അവസരം അഫ്ദല്‍ പാഴാക്കി. ഫിനിഷിങിലെ പിഴവാണ് ഇത്തവണയും വിനയായത്. തൊട്ടുപിന്നാലെ കേരള ഗോള്‍മുഖത്തേക്ക് പന്തുമായി പാഞ്ഞ ബംഗാള്‍ താരത്തിന്റെ ഗോള്‍ ശ്രമം ഗോളി മുന്നില്‍ കയറി തടഞ്ഞു. ഗോളിയെ ഫൗള്‍ ചെയ്തതിന് രജന്‍ ബെര്‍മനെ റഫറി ചുവപ്പു കാര്‍ഡ് നല്‍കി പുറത്താക്കി. 117 ാമത്തെ മിനുട്ടില്‍ കേരളത്തിന്റെ വിജയ ഗോള്‍ എത്തി. സീസണ്‍ നല്‍കിയ പന്ത് പിടിച്ചെടുത്ത ജി ശ്രീരാഗ് ബംഗാള്‍ ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തി അടിച്ചു.
വലത് മൂലയില്‍ നിന്നിരുന്ന പ്രതിരോധ താരം വിബിന്‍ തോമസ് കൃത്യമായി പന്തിന് തലവച്ചു. ബംഗാള്‍ വലയിലേക്ക് പന്തു തുളഞ്ഞു കയറിയപ്പോള്‍ കേരളം മുന്നിലെത്തി. ബംഗാള്‍ പിന്നിലായതോടെ തിരിച്ചടിക്കാന്‍ ശ്രമം നടത്തി. അവസാന നിമിഷത്തില്‍ ബംഗാള്‍ താരത്തെ ഫൗള്‍ ചെയ്തതിന് ഫ്രീകിക്ക്. 125ാം മിനുട്ടില്‍ ബോക്‌സിന് തൊട്ടുപുറത്തു നിന്ന് തീര്‍ഥങ്ക സര്‍ക്കാര്‍ തൊടുത്ത ഷോട്ട് ഗോളിയെ കീഴടക്കി വലയില്‍ കയറിയതോടെ ബംഗാളിന് സമനില പിടിച്ച് ആയുസ് നീട്ടി.
4-2ന് ബംഗാളും കീഴടക്കി
ബംഗാള്‍ താരങ്ങള്‍ എടുത്ത ആദ്യ രണ്ട് കിക്കുകളും തടുത്തിട്ട് കേരളത്തിന് മുന്‍തൂക്കം നല്‍കി ഗോള്‍ കീപ്പര്‍ മിഥുന്റെ പ്രകടനം ഷൂട്ടൗട്ടില്‍ നിര്‍ണായകമായി. കേരളത്തിന് വേണ്ടി ആദ്യ ഷോട്ട് ക്യാപ്റ്റന്‍ രാഹുല്‍ വി രാജ് ലക്ഷ്യത്തിലെത്തിച്ചു. തുടര്‍ന്ന് ജിതിന്‍ ഗോപാലന്‍, ജസ്റ്റിന്‍ ജോര്‍ജ്, എസ് സീസണ്‍ എന്നിവരും ലക്ഷ്യം കണ്ടു. കേരളത്തിന് സന്തോഷ് ട്രോഫി കിരീടവും സമ്മാനിച്ചു. ബംഗാളിന് വേണ്ടി ആദ്യ ഷോട്ട് എടുത്ത അങ്കിത് മുഖര്‍ജിയ്ക്കും നബി ഹുസൈന്‍ഖാനും ലക്ഷ്യം കാണാനായില്ല. തീര്‍ഥങ്ക സര്‍ക്കാരും സജ്ഞയ് സമാധാനും ലക്ഷ്യം കണ്ടു. ഇതിനിടെ ക്യാപ്റ്റന്‍ ജിതന്‍ മുര്‍മു ഗോളിയായി എത്തി. എങ്കിലും കേരളത്തിന് അപരാജിത കുതിപ്പില്‍ ബംഗാള്‍ കടമ്പയും കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."