അവധി ദിനങ്ങളിലും പ്രവര്‍ത്തിച്ച് നികുതി പിരിച്ചു നൂറു ശതമാനം നേട്ടവുമായി 187 ഗ്രാമപഞ്ചായത്തുകള്‍
കൊണ്ടോട്ടി (മലപ്പുറം): അവധി ദിനങ്ങളിലും പ്രവര്‍ത്തിച്ച് ഗ്രാമപഞ്ചായത്തുകള്‍ നികുതി കുടിശ്ശിക പിരിവില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. സംസ്ഥാനത്തെ 187 ഗ്രാമപഞ്ചായത്തുകള്‍ നൂറു ശതമാനം നികുതിയും ശേഖരിച്ചപ്പോള്‍ 44 പഞ്ചായത്തുകള്‍ 99 ശതമാനവും പിരിച്ചെടുത്തു. എന്നാല്‍ നഗരസഭകളില്‍ 50 ശതമാനം കടന്നത് നിലമ്പൂര്‍, നീലേശ്വരം മാത്രമാണ്. നിലമ്പൂര്‍ നഗരസഭ 57.17 ശതമാനവും നീലേശ്വരം 50.1 ശതമാനവും പൂര്‍ത്തിയാക്കി. മുനിസിപ്പാലിറ്റികളില്‍ 10 ശതമാനത്തില്‍ താഴെ നികുതി പിരിച്ചെടുത്ത സ്ഥാപനങ്ങള്‍ വരെയുണ്ട്.
നികുതി പിരിവില്‍ ഗ്രാമപഞ്ചായത്തുകള്‍ നേട്ടവും നഗരസഭകള്‍ അലംഭാവവുമാണ് കാണിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 65143.32 ലക്ഷത്തില്‍ 53865.97 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ക്ക് പിരിച്ചെടുക്കാനായി. 11277.42 ലക്ഷം കിട്ടാനുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ 82.69 ശതമാനം നികുതി പിരിച്ചെടുത്തപ്പോള്‍ 22.94 ശതമാനം മാത്രമാണ് നഗരസഭകള്‍ക്ക് പരിച്ചെടുക്കാനായത്.1 6349.89 ലക്ഷം രൂപയില്‍ 3750.07 രൂപ ആകെ ലഭിച്ചു. 12599.79 ലക്ഷം രൂപ കുടിശ്ശികയായി നിലനില്‍ക്കുന്നുണ്ട്. പുതിയ വര്‍ഷത്തേക്ക് 937.07 ലക്ഷം മുന്‍കൂറായി ഗ്രാമപഞ്ചയാത്തുകള്‍ പിരിച്ചെടുത്തപ്പോള്‍ 53.69 ലക്ഷം മാത്രമാണ് നഗരസഭകള്‍ക്ക് നേടാനായത്.
അവധി ദിനങ്ങളില്‍ നികുതി സ്വീകരിക്കാന്‍ കൗണ്ടര്‍ പ്രവര്‍ത്തിപ്പിച്ചും ഗ്രാമങ്ങളില്‍ നികുതി സ്വീകരിക്കാന്‍ സൗകര്യമൊരുക്കിയുമാണ് ഗ്രാമപഞ്ചായത്തുകള്‍ മികച്ച നേട്ടമുണ്ടാക്കിയത്. മാര്‍ച്ച് മാസത്തില്‍ പിഴപ്പലിശയില്ലാതെ നികുതി സ്വീകരിച്ചതും ജനങ്ങള്‍ക്ക് ആശ്വാസമായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും കൂടുകല്‍ നികുതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിരിച്ചെടുത്തത് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷമാണ്.
സംസ്ഥാനത്ത് ആകെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 814.77 കോടിരൂപയാണ് പ്രതീക്ഷിച്ചിരുന്ന കെട്ടിട നികുതി. ഇതില്‍ 576.10 കോടി മാര്‍ച്ച് 31നുള്ളില്‍ പിരിച്ചെടുത്തു. 238.67 കോടി രൂപയാണ് ബാക്കിയുള്ളത്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ നികുതിയില്‍ മുന്‍കൂറായി 9.41 കോടി രൂപയും ലഭിച്ചിട്ടുണ്ട്. 2013-ല്‍ 377.01 പ്രതീക്ഷച്ച നികുതിയില്‍ 145.22 കോടിയാണ് ലഭിച്ചത്. 2014ല്‍ 587.74 കോടിയില്‍ 281.85 കോടിയും പിരിഞ്ഞുകിട്ടി. 2015ല്‍ 683.8 കോടിയില്‍ 258.76 കോടിയും 2016ല്‍ 808.06 കോടിയില്‍ 429.99 കോടി രൂപയുമാണ് നികുതിയായി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."