വേനല്‍മഴയ്ക്ക് കോളൊരുക്കി വീണ്ടും ന്യൂനമര്‍ദപാത്തി
കോഴിക്കോട്: കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേനല്‍മഴയ്ക്ക് സാഹചര്യമൊരുക്കി പുതിയ കാലാവസ്ഥാ മാറ്റം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുതല്‍ കന്യാകുമാരി വരെ ഏകദേശം 2504 കി.മീ നീളം വരുന്ന ന്യൂനമര്‍ദ പാത്തി (ട്രഫ്) രൂപപ്പെട്ടതാണ് ഇതിനുകാരണമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നു.
ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാപ്രദേശ് തീരത്തായി ആന്റി സൈക്ലോണിക് സര്‍കുലേഷന്‍ (എതിര്‍ചുഴി)യും നാഗാലന്റ്, മണിപ്പൂര്‍, ത്രിപുര, മിസോറാം മേഖലയ്ക്ക് മുകളിലായി സൈക്ലോണിക് സര്‍കുലേഷനും രൂപപ്പെട്ടതോടെ സിക്കിം, അസം സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിയായ മഴപെയ്തിരുന്നു.
ഈ മേഖലയില്‍ തുടങ്ങുന്ന ട്രഫ് കിഴക്കന്‍ തീരദേശത്തിലൂടെ സഞ്ചരിച്ച് കന്യാകുമാരിയിലാണ് അവസാനിക്കുന്നത്. കന്യാകുമാരിക്കും ശ്രീലങ്കയ്ക്കും ഇടയിലായി രൂപപ്പെട്ട മറ്റൊരു സൈക്ലോണിക് സര്‍കുലേഷനും തമിഴ്‌നാട്ടില്‍ വ്യാപകമായും കേരളത്തില്‍ ഭാഗികമായും മഴയ്ക്കു കോളൊരുക്കുമെന്നാണ് പ്രവചനം. കഴിഞ്ഞതവണ അതിന്യൂനമര്‍ദം നിലകൊണ്ട സ്ഥലത്താണ് ഇന്നലെ ഈ സൈക്ലോണിക് സര്‍കുലേഷന്റെ സ്ഥാനം.
ഒഡിഷ, ചത്തീസ്ഗഢ്, വടക്കന്‍ തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മഴലഭിച്ചു.
അടുത്ത ദിവസങ്ങളില്‍ തെക്കന്‍ തമിഴ്‌നാട്ടിലേക്കും മധ്യ, തെക്കന്‍ കേരളത്തിലും മഴയ്ക്ക് കാരണമാകും. ഉച്ചയ്ക്ക് ശേഷവും വൈകിട്ടുമായി കേരളത്തില്‍ കാറ്റോടകൂടിയ മഴ ലഭിക്കും. രാത്രികാലങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴയ്ക്കും സാധ്യതയുണ്ട്.
ട്രഫ് രൂപപ്പെട്ട മേഖലയിലെ അന്തരീക്ഷമര്‍ദം സമീപ പ്രദേശത്തേക്കാള്‍ കുറയുന്നതിനാല്‍ ഇവിടേയ്ക്ക് എതിര്‍ദിശകളില്‍ നിന്ന് മഴമേഘങ്ങള്‍ എത്തുന്നതാണ് മഴയ്ക്ക് കാരണമാകുന്നത്.
അതിനിടെ, ഇന്നലെ കണ്ണൂര്‍, തിരുവനന്തപുരവും ഒഴികെയുള്ള ജില്ലകളില്‍ മഴലഭിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
പാലക്കാട് ജില്ലയിലെ ആലത്തൂര്‍, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ ആര്യങ്കാവ് എന്നിവിടങ്ങളില്‍ മൂന്ന് സെ.മി ഉം കോഴിക്കോട്, ഒറ്റപ്പാലം, കരിപ്പൂര്‍, വെള്ളാനിക്കര, ഹോസ്ദുര്‍ഗ്,നിലമ്പൂര്‍ രണ്ട് സെ.മിഉം മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട്ടെ ചിറ്റൂര്‍, കോട്ടയം, പെരുമ്പാവൂര്‍, കോന്നി, എന്നിവിടങ്ങളില്‍ ഒരു സെ.മി വീതവും മഴലഭിച്ചു. കോഴിക്കോട്, ആലപ്പുഴ, കൊച്ചി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, കൂനൂര്‍, ഊട്ടി മേഖലകളില്‍ രണ്ടു ദിവസത്തേക്ക് മഴതുടരുമെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."