ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനം സുതാര്യമാക്കാന്‍ നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനംസംബന്ധിച്ച് സുതാര്യതയും പരസ്യ സ്വഭാവവും ഉറപ്പാക്കാന്‍ നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അംഗങ്ങളുടെ യോഗ്യത സംബന്ധിച്ചും വ്യക്തതവേണമെന്നും ഇതിനായി സര്‍ക്കാര്‍ വ്യവസ്ഥ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ഉത്തരവ് പറയുന്നു.
തിരുവിതാംകൂര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനം നിയമപരമല്ലെന്നാരോപിച്ച് ടി.ജി. മോഹന്‍ദാസ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. എന്നാല്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തിനുള്ള വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി പറഞ്ഞു.
ബോര്‍ഡ് അംഗങ്ങളെ കണ്ടെത്തുന്നത് സുതാര്യമാക്കാന്‍ ഇതു സംബന്ധിച്ച അറിയിപ്പ് പൊതു ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരണമെന്നു കോടതി പറഞ്ഞൂ.
സര്‍ക്കാരിന് പ്രത്യേക യോഗ്യതയും വ്യവസ്ഥയും നിശ്ചയിച്ച് പൗരന്മാരില്‍ നിന്ന് ബോര്‍ഡ് അംഗങ്ങളകാന്‍ അപേക്ഷ ക്ഷണിക്കാം. അല്ലെങ്കില്‍ നിലവിലുള്ളതുപോലെ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ശുപാര്‍ശ ചെയ്യാം. ഈ ശുപാര്‍ശകള്‍ പൊതുജനങ്ങളുടെ വിലയിരുത്തലിനും തീരുമാനത്തിനും സമര്‍പ്പിക്കാം.
ഇതിനായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും മറ്റും ചെയ്യണം. ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായവും കാഴ്ചപ്പാടും അറിയിക്കാം. ശുപാര്‍ശകള്‍ പൊതുജനങ്ങളിലേക്കെത്തുമ്പോള്‍ സ്ഥാനാര്‍ഥികളെ വിലയിരുത്താനും മറ്റും സര്‍ക്കാര്‍ സബ് കമ്മിറ്റി പോലെയുള്ള ഉചിതമായ സംവിധാനം ഉണ്ടാക്കാനാവുമെന്നും കോടതി അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇതിന് സര്‍ക്കാരിനെ നിര്‍ബന്ധിക്കാന്‍ കോടതിക്ക് കഴിയില്ല. അതുകൊണ്ടുതന്നെ ഇതിന് സമയപരിധിയും പറയുന്നില്ല. എത്രയും വേഗം നടപടിയുണ്ടാകണം. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നോമിനേഷനിലും തെരഞ്ഞെടുപ്പിലും സുതാര്യമായ ജനാധിപത്യ സംവിധാനം വേണമെന്ന് മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഇതിനായി ഭരണ - നിയമ നിര്‍മാണ വിഭാഗങ്ങള്‍ചെറുവിരലനക്കിയില്ലെന്നതില്‍ കോടതിയെ അലോസരപ്പെടുത്തുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."