പൊതുമരാമത്തില്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് ജില്ലാതല സമിതി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും അഴിമതിയും ക്രമക്കേടും തടയുന്നതിനും നിര്‍മാണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും സേഷ്യല്‍ ഓഡിറ്റിങ്ങിനായി ജില്ലാതല സമിതിയായി. എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരാണ് സമിതി അധ്യക്ഷന്‍. കൂടാതെ കോര്‍പറേഷനുകളുടെ ഡെപ്യൂട്ടി മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, വിരമിച്ച പൊതുമരാമത്ത് വകുപ്പ് എന്‍ജീനിയര്‍മാര്‍, ജില്ലയില്‍ നിന്നും ഒരു മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഏഴംഗ സമിതിയെയും മറ്റു ജില്ലകളില്‍ ആറംഗ സമിതിയെയുമാണ് നിയമിച്ചത്. മൂന്നു വര്‍ഷമാണ് ഇവരുടെ കാലവധി. പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലുള്ള ദേശീയപാത, റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, വകുപ്പിന് കീഴിലുള്ള മറ്റു സ്ഥാപനങ്ങള്‍ കമ്പനികള്‍ വഴി നടത്തുന്ന പ്രവൃത്തികള്‍ എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ നിര്‍മാണം നടക്കുന്ന ജില്ലയിലെ സ്ഥിരം താമസക്കാരനായ ഏതൊരാള്‍ക്കും ജില്ലാ സമിതിക്ക് മുന്‍പാകെ നല്‍കാം. പ്രവൃത്തി നടന്നുവരുന്ന സമയത്തോ പൂര്‍ത്തിയായി മൂന്നു മാസത്തിനുള്ളിലോ പരാതി സമര്‍പ്പിക്കാം.
പരാതികള്‍ സമിതിയുടെ പ്രതിമാസ യോഗത്തില്‍ പരിഗണിച്ച് നടപടി സ്വീകരിക്കും.വിദഗ്ധരെ ഉള്‍പ്പെുത്തിയായിരിക്കും പൊതുമരാമത്ത് പ്രവൃത്തികള്‍ പരിശോധിക്കുക. മുന്‍കൂട്ടി തീരുമാനിക്കാതെ തന്നെ സമിതിയിലുള്ള അംഗങ്ങള്‍ക്ക് നേരിട്ട് പ്രവൃത്തികള്‍ പരിശോധിക്കാന്‍ പൂര്‍ണ അനുമതി നല്‍കിയിട്ടുണ്ട്. പരിശോധന റിപ്പോര്‍ട്ടുകള്‍ സമിതി യോഗം വിശദമായി ചര്‍ച്ച ചെയ്ത് അപാകതകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ വേണ്ട ശുപാര്‍ശകള്‍ നല്‍കണം.
ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ പരസ്യപ്പെടുത്താന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ അവയില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉടന്‍ സര്‍ക്കാരിനെ അറിയിക്കണം.
ജില്ലയില്‍ നടക്കുന്ന എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും ഒരു തവണയെങ്കിലും ജില്ലാ സമിതി പരിശോധിക്കണം. നിര്‍മാണം മാസങ്ങള്‍ നീളുന്ന റോഡ്, കെട്ടിടം, പാലം എന്നിവ മാസത്തിലൊരിക്കല്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണം. പാലങ്ങളുടെ ജോലികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കര്‍ശന നിര്‍ദേശമുണ്ട്. കൂടാതെ പരാതി ലഭിച്ച് ഒരു മാസത്തിനകം പരിശോധന റിപ്പോര്‍ട്ടും, ശുപാര്‍ശകളും സര്‍ക്കാരിന് നല്‍കണമെന്നും പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമല്‍വര്‍ദ്ധന റാവു ഇറക്കിയ ഉത്തരവില്‍ പറയുന്നു.
പ്രവൃത്തിയില്‍ വന്നിട്ടുള്ള അപാകതകള്‍ പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം, പൊതുമരാമത്ത് വിജിലന്‍സ് അന്വേഷിക്കണം, പൊലിസ് വിജിലന്‍സ് അന്വേഷിക്കണം തുടങ്ങിയ ശുപാര്‍ശകള്‍ സമിതിക്ക് സര്‍ക്കാരിന് നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."