പ്രാഥമിക ചികിത്സാ സൗകര്യമില്ല:രോഗികള്‍ സഞ്ചരിക്കുന്നത് 15കി ലോമീറ്ററിലധികം
മുണ്ടക്കൈ: പ്രാഥമിക ചികിത്സക്ക് പോലും സൗകര്യമില്ലാതെ മേപ്പാടി പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍.
മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല, അട്ടമല, കള്ളാടി, മീനാക്ഷി തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രാഥമിക ചികിത്സക്ക് പോലും 15 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വരുന്നത്.
തോട്ടം തൊഴിലാളികളും ആദിവാസികളും ഉള്‍പ്പെടുന്ന ഇവിടുത്തുകാര്‍ ചെറിയ അസുഖങ്ങള്‍ക്ക് പോലും മേപ്പാടി പഞ്ചായത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തെയോ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജിനെയോ ആണ് ആശ്രയിക്കുന്നത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയാണ് മറ്റൊരു ആശ്രയം. ഇരുപതിലധികം കിലോമീറ്റര്‍ സഞ്ചരിച്ചുവേണം പഞ്ചായത്തിലെ 11-ാം വാര്‍ഡായ മുണ്ടക്കൈയില്‍ നിന്നുള്ള രോഗികള്‍ കല്‍പ്പറ്റയിലെത്തി ചികിത്സ നേടാല്‍. ദിവസവും അഞ്ഞൂറിലധികം രോഗികളെത്തുന്ന മേപ്പാടി പഞ്ചായത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ മണിക്കൂറുകളോളം കാത്തിരുന്നാണ് രോഗികള്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാവുന്നത്. മൂപ്പൈനാട് പഞ്ചായത്തിലുള്ള മേപ്പാടി, വടുവഞ്ചാല്‍ ടൗണുകള്‍ക്കിടയിലുള്ളവരും മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ഇതാണ് ആശുപത്രിയില്‍ രോഗികളുടെ തിരിക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം. കൂടാതെ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പരിമിതമായ സൗകര്യങ്ങളും ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നുണ്ട്. നേരത്തെ തോട്ടം മേഖലകളായ മുണ്ടക്കൈ, അട്ടമല, പുത്തുമല എന്നിവിടങ്ങളില്‍ സെന്റിനല്‍ റോക്ക് എസ്‌റ്റേറ്റിന്റെ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടങ്ങളില്‍ തൊഴിലാളികള്‍ക്ക് ഡോക്ടറുടെ സേവനവും ലഭ്യമായിരുന്നു.
കൂടാതെ ചൂരല്‍മലയില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രിയും കൃത്യമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഡിസ്പന്‍സറികളിലെ ഡോക്ടര്‍മാരുടെ സേവനങ്ങളെല്ലാം കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്. കിടത്തി ചികിത്സയുള്ള ചൂരല്‍മല ആശുപത്രിയില്‍ ആഴ്ചയില്‍ രണ്ട് തവണ മാത്രമാണ് ഡോക്ടറുടെ സേവനമുള്ളത്. മേപ്പാടിയിലെത്താനുള്ള യാത്രാ സൗകര്യങ്ങളുടെ അഭാവവും രോഗികള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടും വിധം ഒരു പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."