ഏഴുപേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച് അരുണ്‍രാജ് യാത്രയായി
തിരുവനന്തപുരം: കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അരുണ്‍രാജ് (29) യാത്രയായത് ഏഴുപേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച്.
ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനിയിലെ ചേരാമ്പിള്ളില്‍ വീട്ടില്‍ രാജന്‍, സീത ദമ്പതികളുടെ മകനായ അരുണ്‍രാജിന്റെ ഹൃദയം, കരള്‍, വൃക്കകള്‍, കൈകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്.
മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനംചെയ്യുന്നത് ആദ്യമായാണ്. ഏപ്രില്‍ ഒന്നിന് വൈകിട്ട് 5.30നാണ് അപകടം സംഭവിച്ചത്. സുഹൃത്തിനൊപ്പം വേങ്ങൂര്‍ നായത്തോട് എയര്‍പോര്‍ട്ട് റോഡ് വഴി ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. അരുണ്‍രാജിന്റെ സുഹൃത്താണ് അവയവദാനത്തിന് മുന്‍കൈ എടുത്തത്.
തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി ആശുപത്രി അധികൃതര്‍ ഉടന്‍ ബന്ധപ്പെട്ടു. വിദഗ്ധ പരിശോധനയില്‍ അരുണ്‍രാജിന്റെ മിക്ക അവയവങ്ങളും മാറ്റിവയ്ക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു.
എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ബന്ധുക്കള്‍ തയാറായതോടെ മുന്‍ഗണനാക്രമത്തില്‍ സ്വീകര്‍ത്താക്കളെ കണ്ടെത്തുകയായിരുന്നു.
ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കും കൈകള്‍ അമൃത ആശുപത്രിയിലുള്ള രോഗിക്കും കരള്‍ അമൃത ആശുപത്രിയിലുള്ള പത്തനംതിട്ട സ്വദേശിക്കും ഒരു വൃക്ക, പാന്‍ക്രിയാസ് എന്നിവ അമൃതയില്‍ ചികിത്സയിലുള്ള എറണാകുളം സ്വദേശിക്കുമാണ് നല്‍കിയത്. കണ്ണുകള്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ രോഗികള്‍ക്ക് നല്‍കി.
ഹൃദയം നല്‍കാന്‍ കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 19കാരന് ഹൃദയം നല്‍കാന്‍ തീരുമാനിച്ചു.
വിമാനമാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു അവയവദാന പ്രക്രിയ. മന്ത്രി കെ.കെ ശൈലജ പ്രശ്‌നത്തിലിടപെടുകയും വേണ്ടത്ര സഹായങ്ങള്‍ നല്‍കുകയും ചെയ്തു.
ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയവര്‍ അവയവദാന പ്രക്രിയക്ക് അന്തിമരൂപം നല്‍കി. അരുണ്‍രാജ് അവിവാഹിതനാണ്. സഹോദരന്‍: അഖില്‍രാജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."