വയല്‍ക്കിളികള്‍ ബി.ജെ.പിക്ക് ഒപ്പമല്ല: ഐക്യദാര്‍ഢ്യ സമിതി
തളിപ്പറമ്പ്: കീഴാറ്റൂര്‍ സമരം ഹൈജാക്ക് ചെയ്യാനുളള ബി.ജെ.പി നീക്കം പൊളിഞ്ഞു. ബി.ജെ.പി ഇന്നലെ കീഴാറ്റൂരില്‍നിന്നു കണ്ണൂരിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് വയല്‍ക്കിളികള്‍ ബി.ജെ.പി പാളയത്തില്‍ എത്തിയെന്നുള്ള പ്രതീതി ഉയര്‍ന്നിരുന്നു. മാര്‍ച്ചിനു മുന്നോടിയായി ബി.ജെ.പി പരിപാടിയില്‍ സംബന്ധിക്കരുതെന്ന് ഐക്യദാര്‍ഢ്യസമിതി ഭാരവാഹികള്‍ വയല്‍ക്കിളി നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അത് അവഗണിച്ച് ബി.ജെ.പി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത് ഐക്യദാര്‍ഢ്യ സമിതിയില്‍ തന്നെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
നേരത്തെ സി.പി.എം തീവച്ചു നശിപ്പിച്ച സമരപന്തലിനു പകരം പുതിയ പന്തല്‍ ഉയര്‍ത്തി ബി.ജെ.പി മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങിനായി പ്രയോജനപ്പെടുത്തിയതും കടുത്ത വിമര്‍ശനത്തിനിടയാക്കി. ഇന്നലെ കീഴാറ്റൂരില്‍ ചേര്‍ന്ന ഐക്യദാര്‍ഢ്യ സമിതിയോഗത്തില്‍ സംഭവ വികാസങ്ങള്‍ വിലയിരുത്തി. സമരത്തെ വഴിതെറ്റിക്കാനും അതില്‍നിന്നു നേട്ടം കൊയ്യാനുമുള്ള ശ്രമങ്ങളെ കരുതിയിരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പു നല്‍കി. കീഴാറ്റൂരില്‍ നെല്‍വയല്‍ സംരക്ഷണത്തിനായി നടക്കുന്ന സമരം കോര്‍പറേറ്റ് വികസന അജണ്ടക്കെതിരാണ്. കക്ഷിരാഷ്ട്രീയ നേതൃത്വങ്ങള്‍ കീഴാറ്റൂര്‍ സമരത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ബി.ജെ.പി മാര്‍ച്ച് അത്തരമൊരു ശ്രമത്തിന്റെ ഭാഗമാണ്. അതില്‍ വീണുപോകാതിരിക്കാന്‍ സമര രംഗത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഐക്യദാര്‍ഢ്യ സമിതി ആവശ്യപ്പെട്ടു. കീഴാറ്റൂരിലെ നെല്‍വയല്‍ സമരം സജീവമാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും ഐക്യദാര്‍ഢ്യ സമിതി അറിയിച്ചു. ബി.ജെ.പി മര്‍ച്ചുമായി ബന്ധപ്പെട്ട് ജാഗ്രതാകുറവ് ഉണ്ടായതായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ യോഗത്തില്‍ സമ്മതിച്ചതായാണ് സൂചന. ഡോ. ഡി. സുരേന്ദ്രന്‍ നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. സുനില്‍കുമാര്‍, വിനോദ് കുമാര്‍ രാമന്തളി, മഹേശ്വരന്‍, സുരേഷ് കീഴാറ്റൂര്‍, നോബിള്‍ എം. പൈകട, സൈനൂദ്ദീന്‍ കരിവെള്ളൂര്‍, എം.കെ ജയരാജന്‍, ഹരി ചക്കരക്കല്ല് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."