പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം; നിര്‍മാണം പൂര്‍ത്തിയാവുന്നു
പൂച്ചാക്കല്‍: മാക്കേക്കവല ജപ്പാന്‍ കുടിവെള്ള വിതരണ ശാലയ്ക്കു സമീപം തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം നിര്‍മാണം പൂര്‍ത്തിയാവുന്നു. വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓരോ മാസവും നിശ്ചിത ദിവസങ്ങളില്‍ ശേഖരിച്ച് സംഭരണ കേന്ദ്രത്തിലെത്തിക്കുകയും ഇത് തരംതിരിച്ച് സംസ്‌കരണത്തിനായി ക്ലീന്‍ കേരള മിഷന് കൈമാറുന്നതുമാണ് പദ്ധതി.
പ്ലാസ്റ്റിക് സംഭരണത്തിന് വീടുകളില്‍ നിന്നും പ്രതിമാസം 30 രൂപയും കടകളില്‍ നിന്നും 50 രൂപയും ഈടാക്കും. പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിത കര്‍മസേന രൂപികരിച്ചിട്ടുണ്ട്. 10 ലക്ഷമാണ് കെട്ടിട നിര്‍മാണത്തിന്റെ ചെലവ്. ഇതിന്റെ 75 ശതമാനം ശുചിത്വമിഷനും ബാക്കി ഗ്രാമപഞ്ചായത്തുമാണ് വഹിക്കുന്നത്. അതേസമയം ഏതുസമയവും തകര്‍ന്നു വീഴാവുന്ന പഴയ ജല സംഭരണിയ്ക്കു സമീപം കെട്ടിടം നിര്‍മിച്ചതില്‍ വിവാദം ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ളതും ഉപയോഗമില്ലാത്തതും ഭൂരിഭാഗവും നശിച്ചതുമായ ജലസംഭരണിയാണ് സമീപത്തുള്ളത്. അവിടെയാണ് കൂടുതലും വനിതകള്‍ ജോലി ചെയ്യേണ്ടിവരുന്ന പ്ലാസ്റ്റിക് സംഭരണ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത് എന്നതാണ് ആക്ഷേപം.
ഇവിടം തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് ബസ് ടെര്‍മിനലിന് പദ്ധതിയിട്ട സ്ഥലവുമാണ്. ബസ് ടെര്‍മിനലിന് നിലവിലുള്ള സ്ഥലം തികയാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അപകടാവസ്ഥയിലായ ജല സംഭരണി പൊളിച്ചു നീക്കുന്നതിന് ജല അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്ലാസ്റ്റിക് സംഭരണ കേന്ദ്രം നിര്‍മിക്കുന്നതിന് ഗ്രാമപഞ്ചായത്തിന് മറ്റു സ്ഥലവുമില്ലെന്നും ബസ് ടെര്‍മിനലിനു നിലവിലുള്ള സ്ഥലം തികയില്ലായെന്നും പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."