കരിമുളക്കല്‍ പള്ളി ആക്രമണം: മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്
ചാരുംമൂട്: കരിമുളക്കല്‍ സെന്റ് ഗ്രിഗ്രോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി കെട്ടിടം തകര്‍ക്കുകയും വികാരിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ മറ്റ് പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവത്തിലുള്‍പ്പെട്ട കരിമുളക്കല്‍ പുത്തന്‍പുരയില്‍ അരുണ്‍കുമാറി (33) നെ പൊലിസ് പിടികൂടിയിരുന്നു.
ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് രണ്ട് പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിരുന്നു. ഇതില്‍ താമരക്കുളം മേക്കും മുറിയില്‍ സെനില്‍രാജ് (34), താമരക്കുളം വേടര പ്ലാവ് തറയില്‍ സുനു (27) എന്നിവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എന്നാല്‍ ആക്രമണത്തില്‍ ആറ് പേര്‍ ഉണ്ടായിരുന്നതായാണ് പള്ളി വികാരിയുടെ മൊഴി. മൂന്ന് ദിവസം കഴിഞ്ഞിട്ടും മറ്റ് പ്രതികളുടെ അറസ്റ്റ് വൈകുന്നതിലാണ് പ്രതിഷേധം വ്യാപകമാകുന്നത്. സംഭവത്തിലെ പ്രധാന പ്രതികള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു. പള്ളി ആക്രമണത്തിലെ മുഴുവന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുവാന്‍ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കരിമുളക്കല്‍ ജങ്ഷനില്‍ സംഘടിപ്പിച്ച സി.പി.എം പ്രതിഷേധയോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫിന്റെ നേതൃത്വത്തിലും കഴിഞ്ഞ ദിവസം പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. നാട്ടില്‍ നിയമവാഴ്ച ഉറപ്പ് വരുത്തുകയാണ് സര്‍ക്കാരിന്റെ കടമയെന്നും എന്നാല്‍ അതിന് വ്യത്യസ്തമായ സാഹചര്യമാണ് ഉടലെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പള്ളിയോട് ചേര്‍ന്ന വസ്തുവില്‍ ആധുനിക രീതിയിലുള്ള സെമിത്തേരി നിര്‍മിക്കുന്നതിനുള്ള എതിര്‍പ്പ് സമീപവാസിയായ ആക്രമണത്തിലെ ഒരു പ്രതിയുമായി നില നില്‍ക്കുന്നുണ്ടായിരുന്നതായും ഇതിലുള്ള പക പോക്കലായിരിക്കാം സംഭവത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. പള്ളി ആക്രമണക്കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജനാധിപത്യ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനോസ് തോമസ് കണ്ണാട്ട് ആവശ്യപ്പെട്ടു. പള്ളി അക്രമണത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കാത്തതില്‍ വിശ്വാസികളും പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."