എ.കെ.ജി മേല്‍പ്പാലത്തിലെ പാര്‍ക്കിങ്: പ്രദേശവാസികള്‍ പ്രതിഷേധത്തില്‍
കോഴിക്കോട്: എ.കെ.ജി മേല്‍പ്പാലത്തിനു താഴെ റെയിലിന് കിഴക്ക് ഭാഗത്ത് പാര്‍ക്കിങ് സ്ഥലമായി പ്രഖ്യാപിക്കുന്നതിനെതിരേ പ്രതിഷേധം. എ.കെ.ജി പാലത്തിനോട് ചേര്‍ന്ന് പെയ്ഡ് പാര്‍ക്കിങ് കേന്ദ്രം തുടങ്ങി ഇതിന്റെ നടത്തിപ്പു ചുമതല മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇത്തരം കൂട്ടായ്മയില്‍ രൂപീകരിച്ച പരിവാര്‍ എന്ന സംഘടനക്ക് നടത്തിപ്പ് ചുമതല നല്‍കാനായിരുന്നു തീരുമാനം. ഇതിനായി പാര്‍ക്കിങ് ഫീ നിശ്ചയിക്കാനും തീരുമാനിച്ചിരുന്നു.
എന്നാല്‍ മേല്‍പ്പാലത്തിന് താഴെ റെയിലിന് ഇരുവശങ്ങളിലും പാര്‍ക്കിങ്ങ് ഫീ പിരിക്കാന്‍ അനുവാദം നല്‍കിയ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രദേശത്തെ വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.
റെയിലിന് പടിഞ്ഞാറ് ഭാഗം ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളെ ടോള്‍ പിരിവ് ഏല്‍പ്പിക്കാനുള്ള കൗണ്‍സില്‍ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. എന്നാല്‍ കിഴക്ക് ഭാഗം പാര്‍ക്കിങ്ങ് സ്ഥലമായി പ്രഖ്യാപിച്ചാല്‍ പൊതുവെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഇവിടുത്തെ ഗതാഗതപ്രശ്‌നങ്ങള്‍ വര്‍ധിക്കുമെന്നും അപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
മൂന്ന് സ്‌കൂളുകളിലെ വിദ്യാര്‍ഥികളും മറ്റു പൊതുജനങ്ങളും എംസി.സി ബാങ്ക് സ്റ്റോപ്പില്‍ ബസിറങ്ങി ഇതുവഴിയാണ് കാല്‍നടയായി സഞ്ചരിക്കുന്നത്. പാര്‍ക്കിങ്ങിനായി വരുന്ന വാഹനങ്ങള്‍ ഇവരുടെ സുഖകരമായ യാത്രയ്ക്ക് തടസമാകും. പടിഞ്ഞാറ് ഭാഗത്തെ അപേക്ഷിച്ച് കിഴക്ക് ഇടുങ്ങിയ റോഡുകളാണ് ഉള്ളത്. കിഴക്ക് ഭാഗത്ത് ഓട്ടോസ്റ്റാന്റ് അടക്കം നിലവിലുള്ള സ്ഥിതി അതേപടി തുടരണമെന്നും യോഗം ആവശ്യപ്പെട്ടു.
പടിഞ്ഞാറ് ഭാഗത്ത് അനുവദിക്കുന്ന പാര്‍ക്കിങ് ഏരിയയില്‍ ആവശ്യമായ വെളിച്ചവും സി.സി.ടി.വി സൗകര്യവും ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ സാമൂഹ്യ ദ്രോഹപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ച് കോര്‍പ്പറേഷന്‍ മേയര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. ഫ്രാന്‍സിസ് റോഡ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ.വി ഉസ്മാന്‍ കോയയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വി.കെ.വി റസാഖ് (പ്രസിഡന്റ്, ഡി.ആര്‍.എസ് മനന്തലപ്പാലം), പ്രശാന്ത് കളത്തിങ്കല്‍ (പ്രസിഡന്റ്, വട്ടാംപൊയില്‍ ഏരിയ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍), ബി.വി മുഹമ്മദ് അശറഫ് (വര്‍വ), ഐ.പി ഉസ്മാന്‍ കോയ ( സെക്രട്ടറി, കുണ്ടുങ്ങല്‍ റസിഡന്‍സ് അസോസിയേഷന്‍), കെ.എം നിസാര്‍ ( സെക്രട്ടറി, ഇടിയങ്ങര സൗത്ത് റസിഡന്‍സ് അസോസിയേഷന്‍), കെ.വിസുല്‍ഫീക്കര്‍ ( സെക്രട്ടറി, നോര്‍ത്ത് ഇടിയങ്ങര റസിഡന്‍സ് അസോസിയേഷന്‍), ടി.വി അബൂബക്കര്‍ കോയ (പ്രസിഡന്റ്, എസ്.ടി.യു സിറ്റി മോട്ടോര്‍) പങ്കെടുത്തു.
ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും പ്രതിഷേധം
കോഴിക്കോട്: നിലവില്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡുള്ള ഫ്രാന്‍സിസ് റോഡ് എ.കെ.ജി മേല്‍പ്പാലത്തിന്റെ താഴെ പെയ്ഡ് പാര്‍ക്കിങ് കേന്ദ്രമാക്കാനുള്ള നീക്കത്തില്‍ ഓട്ടോതൊഴിലാളികള്‍ക്കും പ്രതിഷേധം.
15 ഓട്ടോറിക്ഷകള്‍ക്കാണ് ഇവിടെ പെര്‍മിറ്റുള്ളത്. എന്നാല്‍ 25 വരെ ഓട്ടോറിക്ഷകള്‍ ഈ സ്റ്റാന്‍ഡില്‍ നിന്നും സര്‍വിസ് നടത്തുന്നുണ്ട്. ഇതിനു പുറമെ കോര്‍പറേഷന്‍ പരിധിയില്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ ഏറെ പേരും വാഹനം നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഈ മേല്‍പ്പാലത്തിന്റെ താഴെ നിന്നാണ്. അതിനാല്‍ തന്നെ ഇവിടെ പെയ്ഡ് പാര്‍ക്കിങ് കേന്ദ്രം തുടങ്ങാനുള്ള നീക്കത്തെ എല്ലാ ട്രേഡ് യൂനിയനകളും ചേര്‍ന്ന് എതിര്‍ക്കുമെന്നും തൊഴിലാളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."