ബഹ്‌റൈനില്‍ ഫോര്‍മുലാ വണ്‍ കാറോട്ടമത്സരങ്ങള്‍ക്ക് തുടക്കമായി
മനാമ: ബഹ്‌റൈനില്‍ ഫോര്‍മുലാ വണ്‍ കാറോട്ടമത്സരങ്ങള്‍ക്ക് തുടക്കമായി. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് നയാനന്ദവും ആവേശകരവുമായ മത്സരം നടക്കുന്നത്.
ആദ്യം യോഗ്യതാ മത്സരം, തുടര്‍ന്ന് കാറോട്ട മത്സരം എന്നിങ്ങിനെയാണ് ഫോര്‍മുലാ വണ്‍ നിശ്ചയിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും കുറ്റമറ്റ രീതിയില്‍ റാലി പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണെന്ന് സര്‍ക്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈഖ് സല്‍മാന്‍ ബിന്‍ ഇസാ അല്‍ ഖലീഫ പറഞ്ഞു. ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും സര്‍ക്യൂട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
മത്സരത്തിനു മുന്നോടിയായി നടന്ന പരീക്ഷണ കാറോട്ടം കാണാന്‍ ആയിരങ്ങളാണ് എത്തിയത്. ഫോര്‍മുല വണ്ണിന് സാക്ഷികളാകാനും പ്രിയതാരങ്ങളെ കണ്‍കുളിരെ കാണാനും എത്തിയ സ്വദേശികളെയും വിദേശികളെയും കൊണ്ട് പരിസരം തിങ്ങി നിറഞ്ഞ നിലയിലായിരുന്നു.
സര്‍ക്യൂട്ടിനോടനുബന്ധിച്ചുള്ള എഫ് വണ്‍ വില്ലേജില്‍ കാണികള്‍ക്കായി വൈവിധ്യമാര്‍ന്ന വിനോദപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. മത്സരം വീക്ഷിക്കാനെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിച്ച പ്രത്യേക കൗണ്ടറുകളും സജീവമാണ്. 24 മണിക്കൂറും വിമാനത്താവളത്തില്‍നിന്ന് സര്‍ക്യൂട്ടിലേക്കും തിരിച്ചും ഗതാഗതസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ജെറ്റുകളും ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകളും വരും ദിവസങ്ങളില്‍ കൂടുതലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ വിസ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും. നൂറുകണക്കിനു വിദേശ മാധ്യമപ്രവര്‍ത്തകരാണ് ഗ്രാന്റ് പ്രീ റിപ്പോര്‍ട്ടു ചെയ്യാനായി രാജ്യത്തെത്തിയിട്ടുള്ളത്.
ഫോര്‍മുല വണ്‍ ഉത്സവലഹരിയിലായ ബഹ്‌റൈനിലെങ്ങും തെരുവോരങ്ങളിലും എയര്‍പോര്‍ട്ട് റോഡുകളിലും ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള ദേശീയപതാകകള്‍ ഒരു മാസം മുമ്പുതന്നെ നിരന്നുകഴിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."