ഈ പ്രായത്തില്‍ ഇവരിനി എവിടെപ്പോകണം?
തിരൂരങ്ങാടി: രായിന്‍കുട്ടി ഹാജിക്കു വയസ് 87, ഭാര്യ സൈനബയ്ക്ക് 76. ഈ വൃദ്ധ ദമ്പതികള്‍ക്കു മക്കളില്ല. ഒരു പെണ്‍തരിയെ നല്കിയതു പതിനൊന്നാമത്തെ ദിവസം ദൈവം തിരിച്ചെടുത്തു. രോഗിയാണെങ്കിലും കയറിക്കിടക്കാനൊരു കൂരയുണ്ടായിരുന്നു ഇതുവരെ, ഇനി അതുമില്ല.
വാര്‍ധക്യസഹജമായ അസുഖങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഇവര്‍ ഇനി എങ്ങോട്ടുപോകുമെന്ന ആശങ്കയിലാണ്. വെളിമുക്കില്‍ ദേശീയപാത വികസനത്തിനുള്ള സര്‍വേ പൂര്‍ത്തിയാക്കിയപ്പോഴാണ് മാളിയേക്കല്‍ രായിന്‍കുട്ടി ഹാജിയുടെ വീടും റോഡിന്റെ ഭാഗമായി മാറുന്നത്. ഇവരുടെ ഓടിട്ട വീടും വരുമാന മാര്‍ഗമായിരുന്ന ക്വാര്‍ട്ടേഴ്സുമെല്ലാം നഷ്ടപ്പെടുകയാണ്. മുപ്പതു സെന്റ് ഭൂമിയിലാണ് ഇവരുടെ വീടും അഞ്ചു റൂമുകളുള്ള ക്വാര്‍ട്ടേഴ്സും നിലകൊള്ളുന്നത്.
മുന്‍വശത്തെ ഭൂമി മറ്റൊരാള്‍ക്കു കെട്ടിടമുണ്ടാക്കാന്‍ നല്കി. ഇവിടെ രണ്ടു മുറി കെട്ടിടം നിര്‍മിച്ചിട്ട് രണ്ടു മാസമേ ആയുള്ളൂ. രണ്ടു തവണ ഇവരില്‍നിന്നു ലഭിച്ചിരുന്ന വാടകയും ആശ്വാസമായിരുന്നു. സര്‍വേയില്‍ ഇവയും നഷ്ടപ്പെടും. ഏറെക്കാലം മദ്രാസില്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന രായിന്‍കുട്ടി ഹാജി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു തിരിച്ചെത്തുകയായിരുന്നു. പ്രതിമാസം അയ്യായിരത്തിലേറെ രൂപ ചികിത്സയ്ക്കു വേണം.
നടക്കാന്‍ പോലും സാധിക്കാത്ത രായിന്‍കുട്ടി ഹാജി അയല്‍വാസികളുടെയും മറ്റും സഹായത്തോടെയാണ് ആശുപത്രികളില്‍ പോകുന്നത്. നേരത്തെയുള്ള അലൈന്മെന്റില് ഇവരുടെ വീടോ കെട്ടിടങ്ങളോ ഉള്‍പ്പെട്ടിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."