ദേശീയപാത വികസനം: പരാതി നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ഉന്നതസംഘം സന്ദര്‍ശിക്കും
ആലപ്പുഴ: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് അലൈന്‍മെന്റ് സംബന്ധിച്ച് ഉയര്‍ന്ന ജില്ലയില്‍ നിന്നുള്ള പരാതികള്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. നിലവിലുള്ള ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് ഇരുവശങ്ങളിലേക്കും തുല്യ അകലത്തില്‍ എന്നതാണ് സര്‍ക്കാരിന്റെ അലൈന്‍മെന്റ് സംബന്ധിച്ചുള്ള അടിസ്ഥാന നയമെന്ന് മന്ത്രി വ്യക്തമാക്കി.
ആലപ്പുഴയില്‍നിന്ന് ഗൗരവമുള്ള വലിയ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വണ്ടാനം, തുമ്പോളി-കൊമ്മാടി, ചേപ്പാട്, കൃഷ്ണപുരം എന്നിവിടങ്ങളില്‍നിന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് ന്യായമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പരാതിയുണ്ടായ പ്രദേശങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് പരിശോധിക്കും. പരാതിയുടെ നിജസ്ഥിതി വിലയിരുത്തിയ ശേഷം നടപടിയെടുക്കും. ഈ സംഘത്തോടൊപ്പം ജില്ലാ കലക്ടറും സ്ഥലം സന്ദര്‍ശിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
റെയില്‍വേ, സമുദ്രം, നദി, ആരാധനാലയങ്ങളുടെ കേന്ദ്രസ്ഥാനം എന്നിവിടങ്ങള്‍ക്ക് മാത്രമാണ് വ്യവസ്ഥയില്‍ ഒഴിവ് നല്‍കിയിട്ടുള്ളത്. നാലു മാസങ്ങള്‍ക്കുള്ളില്‍ സ്ഥലമേറ്റെടുക്കലിന് അന്തിമരൂപം നല്‍കാന്‍ സാധിക്കും.
കരുനാഗപ്പള്ളിയില്‍നിന്ന് ചില പരാതികള്‍ ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. വികസനത്തിന് ദേശീയ പാത അനിവാര്യമാണെന്നും ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."