മയക്കുമരുന്ന് കേസുകളുടെ അന്വേഷണ ചുമതല ഇനി ഐ.ജിമാര്‍ക്ക്
മുക്കം(കോഴിക്കോട്): മയക്കുമരുന്നു കേസുകള്‍ ഇനി മുതല്‍ റേഞ്ച് ഐ.ജിമാരുടെ നിയന്ത്രണത്തില്‍ അന്വേഷിക്കും.
ഇതിനായി ഒന്നോ രണ്ടോ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ജില്ലകളിലെ നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിലെ മികച്ച ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിക്കാന്‍ ഡി.ജി.പി ഉത്തരവിറക്കി. ഈ സ്‌ക്വാഡില്‍ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് പ്രത്യേക യൂനിറ്റും നിലവില്‍ വരും. റേഞ്ച് ഐ.ജിയുടെ പരിധിയിലെ മുഴുവന്‍ നാര്‍ക്കോട്ടിക് കേസുകളുടെയും മേല്‍നോട്ടം ഇനിമുതല്‍ സ്‌പെഷല്‍ സംഘത്തിനായിരിക്കും.
സ്‌പെഷ്യല്‍ സ്‌ക്വാഡിന് മറ്റു ഉത്തരവാദിത്തങ്ങള്‍ നല്‍കരുതെന്നും ഡി.ജി.പി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തിലെ മുഖ്യ കണ്ണികളെകുറിച്ചും കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും ഉറവിടത്തെക്കുറിച്ചും വിവരശേഖരണം നടത്തുന്നതിന് വേണ്ടി എ.ഡി.ജി.പിയുടെ കീഴില്‍ ഒരു സംഘത്തെ നിയമിക്കണമെന്നും ഡി.ജി.പി സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.
സംസ്ഥാനത്ത് അടുത്ത കാലത്തായി ലഹരി ഉപയോഗവും വില്‍പനയും വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
ലഹരി ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ജില്ലാ തലങ്ങളില്‍ രൂപീകരിച്ച ഡന്‍സഫ് (ഡിസ്ട്രിക്റ്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ്) കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഓരോ ജില്ലയിലും ഡി.വൈ.എസ്.പി യോ എ.സി.പി യോ ആണ് ഡന്‍സഫിന്റെ ചുമതല വഹിക്കുന്നത്.
ജില്ലാ പൊലിസ് മേധാവികളുടെ നേതൃത്വത്തില്‍ മയക്കുമരുന്ന് കേസുകളുടെ അന്വേഷണങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ നടക്കുന്നില്ലെന്നും അതിനാല്‍ കേസുകളിലെ പ്രധാന കണ്ണികളെ പിടികൂടാന്‍ പൊലിസിന് കഴിയുന്നില്ലെന്നും ഡി.ജി.പി വിലയിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."